പരപ്പനങ്ങാടിയിൽ ക്ഷേത്രമുറ്റത്ത് റിട്ട. കോടതി ജീവനക്കാരൻ സ്വയം തീക്കൊളുത്തി മരിച്ചു
പരപ്പനങ്ങാടി: ചിറമംഗലം നെയ്തല്ലൂരിനടുത്ത വള്ളയിൽ മാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ വയോധികൻ തീകൊളുത്തി മരിച്ചു.
റിട്ടയേർഡ് കോടതി ജീവനക്കാരനായ വള്ളയിൽ ഗംഗാധരൻ (67) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിന് മുന്നിൽ തീ കത്തുന്നത് കണ്ട പരിസരവാസികളാണ് വിവരമറിഞ്ഞത്.
കുടുംബക്ഷേത്രമായ വള്ളയിൽ മാരിയമ്മൻ ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവരുന്ന ഉത്സവ ചടങ്ങുകൾ പൊങ്കാലയോടു കൂടി സമാപിക്കാനിരിക്കെയാണ് ഈ ദാരുണമായ സംഭവം നടന്നത്. ഗംഗാധരൻ സ്വയം തീകൊളുത്തിയതാണെന്നാണ് നിഗമനം. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഷൊർണൂർ ശാന്തിതീരത്ത് സംസ്‌കരിച്ചു. മരണകാരണം പോലീസ് അന്വേഷിച്ചു വരികയാണ്.
ഭാര്യ: സുമതി
മക്കൾ: അനുഷ, ഷീന, അമൽ
മരുമക്കൾ: സജീഷ്, വിഷ്ണു
