വീട്ടമ്മക്ക് അമീബിക് മസ്തിഷ്ക ജ്വരം; സുരക്ഷാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്; ഇക്കാര്യങ്ങൾ അറിയണം..!
പ്രതീകാത്മക ചിത്രം
കണ്ണമംഗലത്ത് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്.
കഴിഞ്ഞ 31നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗി ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്. ആരോഗ്യ വകുപ്പ് ഈ പ്രദേശത്ത് 200 വീഡുകളില്‍ സര്‍വേ നടത്തിയെങ്കിലും മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
വാർഡിലെ തോടുകൾ, കുളങ്ങൾ എന്നിവയിൽ ഇറങ്ങുന്നതും, കുളിക്കുന്നതും നീന്തുന്നതും, അലക്കുന്നതും കർശനമായി നിരോധിച്ചതായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ എന്നിവർ അറിയിച്ചു.
അതെ സമയം ഊരകം മലയുടെ താഴ്ഭാഗ പ്രദേശമായത് കൊണ്ട് ഈ ഭാഗത്ത് നിരവധി ജലാശയങ്ങളാണുള്ളത്. ഇവിടെയുള്ളവർ കുളിക്കാനും മറ്റു പ്രഥമികാവശ്യങ്ങള്‍ക്കും ഇത്തരം ജലാശയങ്ങളെ ആശ്രയിക്കുക പതിവാണ്. ആരോഗ്യവകുപ്പ് ഈ ഭാഗത്ത് ബോധവല്‍ക്കരണവും നടത്തിവരുന്നു. രോഗ ഉറവിടം വ്യക്തമായിട്ടില്ല.
അമീബിക് മസ്തിഷ്ക ജ്വരം എന്നാൽ?
കെട്ടിക്കിടക്കുന്നതും ഒഴുക്കുള്ളതുമായ ജല സ്രോതസില്‍ നിന്നും അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
