NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി എസ്.എൻ.എം. ഹയർസെക്കണ്ടറി സ്കൂളിൽ പൂർവ്വവിദ്യാർത്ഥികൾ സംഗമിച്ചു; ഒത്തുകൂടിയത് നാലുപതിറ്റാണ്ടിന് ശേഷം

പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1979 -1983 എസ് എസ് എൽ സി ബാച് പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു

പരപ്പനങ്ങാടി :  പഴയകാല വിദ്യാലയ ജീവിതത്തിലെ ജ്വലിക്കുന്ന ഓർമ്മകൾ പുതുക്കി പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1979 – 1983 വരെയുള്ള എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ വീണ്ടും ആ അക്ഷരമുറ്റത്ത് ഒത്തുകൂടി.

എട്ടാം ക്ലാസ് മുതൽ പത്ത് വരെ സ്കൂളിൽ പഠിച്ച് ഇവിടെ തന്നെ പരീക്ഷയെഴുതിയ പ്രഥമ ബാച്ചായിരുന്നു ഇത്.
സമഗമം മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.  അബ്ദുസമ്മദ് തെക്കെപാട്ട് അധ്യക്ഷത വഹിച്ചു.
സ്കൂളിൽ പഴയ ക്ലാസ് മുറികൾ പുനരാവിഷ്കരിച്ച് നടത്തിയ പരിപാടി നവ്യാനുഭവമായി. ചോക്കും ചൂരലുമായി ക്ലാസിലെത്തിയ അധ്യാപകർക്ക് മുന്നിൽ അനുസരണയുള്ള കുട്ടികളായി അവർ ഇരുന്നു. പെൻഷൻ പ്രായത്തിൽ നിന്ന് കൗമാരത്തിലേക്കിറങ്ങി പാട്ടും കളിയുമായി അവർ സമയം ചിലവഴിച്ചു. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി സ്കൂളിന്റെ ഇടനാഴികകളിലൂടെ നടന്ന് അവർ പതിറ്റാണ്ടുകൾ പിന്നോട്ടുപോയി.
കാമ്പസിനും ക്ലാസ് മുറികൾക്കും ഇനിയുമൊരുപാടെന്തൊക്കെയോ പറയാൻ ബാക്കിവെച്ചത് പോലെയായിരുന്നു അവർക്ക്. കളിചിരികളുടെയും സ്നേഹാർദ്രമായ സൗഹൃദങ്ങളുടെയും കൊച്ചുകൊച്ചു പിണക്കങ്ങളുടെയും ഒച്ചപ്പാടുകളുടെയും ആരെയും കാണിക്കാതെ മൗനത്തിൽ പൊതിഞ്ഞ് വെച്ചിരുന്ന സ്വപ്നങ്ങളുടെയും നഷ്ടബോധങ്ങളുടെയും ഓർമ്മകൾക്ക് സംഗമം ജീവനേകി.
പഴമ സൗഹൃദങ്ങൾക്ക് പുതുജീവൻ നൽകി വീണ്ടും കാണാമെന്ന പ്രതീക്ഷ പങ്കുവെച്ച് പിരിയുമ്പോൾ വാർധക്യത്തിന്റെ പടിവാതിൽക്കലും ബാല്യത്തിന്റെ നിഷ്കളങ്കതയും കൗതുകവും മറനീക്കി. തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ,
പി, ഇസ്ഹാഖ്, സ്കൂൾ മാനേജർ അഷ്റഫ് കുഞ്ഞാവാസ്, പ്രഥമ അധ്യാപകൻ പി. ലത്തീഫ് മദനി, സകറിയ തോമസ്, പി.പി. കുട്ടിഹസ്സൻ, സി.ആർ. ഗോപിനാഥൻ പിള്ള, സി.ജി. ആനന്ദവല്ലി, കമലം കാടശേരി ടീച്ചർ എന്നിവർ സംസാരിച്ചു. പൂർവ്വഅധ്യാപകരെയും വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. ബാച്ച് അംഗം കൂടിയായ തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈർ ചടങ്ങിൽ റോഡ് സുരക്ഷ ക്ലാസ്സെടുത്തു. ക്ലാസിനോറ്റനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ വിജയിയായ ഇഖ്ബാൽ എന്ന ഇബിച്ചുവിന് ജോയിൻറ് ആർ.ടി.ഒ ഹെൽമെറ്റ് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!