NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും . ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’ പിടിയിൽ

മലപ്പുറം : തുരുമ്പിച്ച പ്ലാറ്റ്ഫോമും കയർ കെട്ടിയുറപ്പിച്ച സീറ്റുകളും . ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കുത്തി നിറച്ചോടിയ ‘പറക്കുംതളിക’യെ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. നിയമത്തെ വെല്ലുവിളിച്ചും വിദ്യാർത്ഥികളുടെ യാത്രയ്ക്ക് സുരക്ഷ കൽപ്പിക്കാതെയും സർവീസ് നടത്തിയ സ്കൂൾ ബസ്സിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം .

എൻഫോഴ്സ്മെന്റ് എംവിഐ പി കെ മുഹമ്മദ് ഷഫീഖ് എ എം വി ഐ പി ബോണി എന്നിവരുടെ നേതൃത്വത്തിൽ ആലത്തിയൂരിൽ ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെയാണ് ബസ് പിടിയിലായത്.
കെ. എച്ച്. എം. എച്ച്. എസ് എസ് ആലത്തിയൂർ എന്ന സ്കൂൾ ബസ്സിനെതിരെയാണ് നടപടി എടുത്തത്.

45 സീറ്റ് കപ്പാസിറ്റിയുള്ള സ്കൂൾ ബസ്സിൽ 70 സ്കൂൾ കുട്ടികളെ കുത്തിനിറച്ച് ഡോർ അടക്കാതെയും ഡോർ അറ്റൻഡർ ഇല്ലാതെയും ആണ് സർവീസ് നടത്തിയത്. കൂടാതെ ബസ്സിന്റെ ഫ്ലാറ്റ്ഫോം സീറ്റ് എന്നിവ തകർന്ന നിലയിലും പല സീറ്റുകളും താൽക്കാലികമായി കയർ കൊണ്ട് കെട്ടിവച്ച നിലയിലുമായിരുന്നു.

ഫിറ്റ്നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ച് കുട്ടികളെ കുത്തി നിറച്ച് ഡോർ അടക്കാതെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.
ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങളിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ അനുമതി കൊടുത്ത സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു..

വിദ്യാർത്ഥികളെ മറ്റു വാഹനങ്ങളിൽ ഉദ്യോഗസ്ഥർ തന്നെ മുൻകൈയെടുത്ത് സുരക്ഷിതമായി വീടുകളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *