NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സില്‍വര്‍ലൈന്‍ കടലാസില്‍ മാത്രമായി ഒതുങ്ങില്ല: മുഖ്യമന്ത്രി

നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈന്‍ പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങില്ലെന്നും, ജനപിന്തുണയോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് കെ.എസ്.ടി.എ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരെയുള്ളതാണ്. പ്രതിപക്ഷത്തെ പോലെ ബിജെപിയും വികസനത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ എല്ലാം മനസിലാകുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് സില്‍വര്‍ലൈന്‍ വിരുദ്ധസമരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സര്‍വേ കല്ല് പിഴുതെറിയല്‍ സമരവുമായി മുന്നോട്ട് പോകും. സമരത്തിന് നേതൃത്വം നല്‍കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നു. യുഡിഎഫ് അവര്‍ക്കൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി തട്ടിക്കൂട്ടിയ അബദ്ധ പഞ്ചാംഗമാണ് ഡി.പി.ആര്‍ എന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരെ നടന്ന പ്രതിഷേധത്തില്‍ പൊലീസ് വലിച്ചിഴയ്ക്കുകയും കേസെടുക്കുകയും ചെയ്ത ജിജിയെ കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തും. അവരെ വലിച്ചിഴച്ചപ്പോള്‍ കേരളത്തിലെ വനിതാ കമ്മീഷന്‍ എവിടെയായിരുന്നു എന്നും സതീശന്‍ ചോദിച്ചു.

അതേ സമയം കോണ്‍ഗ്രസുകാര്‍ കല്ലുകള്‍ വാരിക്കൊണ്ട് പോകുകയാണ്. കല്ല് വാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. സില്‍വര്‍ ലൈനിനെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തി പ്രതിപക്ഷം സംഘര്‍ഷവും കലാപവും ഉണ്ടാക്കുകയാണ്. എതിര്‍പ്പ് പല കാര്യത്തിലും ഉണ്ടാകും. എന്ന് കരുതി ഒരു പദ്ധതി മാറ്റി വയ്ക്കാനാകില്ലെന്ന് കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *