‘എന്റെ ജനതയെ കൊന്നൊടുക്കാന്‍ ശ്രമിക്കുന്നു’; റഷ്യന്‍ മുതലാളിയുടെ ആഡംബര കപ്പല്‍ മുക്കാന്‍ ശ്രമിച്ച് ഉക്രൈന്‍ ജീവനക്കാരന്‍
ഉക്രൈനെ ആക്രമിക്കുന്നതിനായി റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്ന റഷ്യന്‍ ശതകോടീശ്വരനോട് പ്രതികാരം ചെയ്യുന്നതിനായി അയാളുടെ ആഡംബര നൗക കടലില്‍ മുക്കാന്‍ ശ്രമിച്ച് ഉക്രൈന്‍ ജീവനക്കാരന്‍. ശനിയാഴ്ച സ്പാനിഷ് തുറമുഖത്താണ് സംഭവം.
70 ലക്ഷം യൂറോ വിലമതിപ്പുള്ള ലേഡി അനസ്താസിയ എന്ന പേരിലുള്ള നൗകയാണ് കടലില്‍ മുക്കാന്‍ ശ്രമിച്ചത്. റഷ്യന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരനായ ആയുധക്കച്ചവടക്കാരന്‍ അലക്സാണ്ടര്‍ മിഖീവിന്റെയാണ് അത്യാഡംബര നൗക. റഷ്യന്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലുള്ള ആയുധനിര്‍മാണ കമ്പനിയായ റോസ്റ്റെകിന്റെ ആയുധക്കയറ്റുമതി ഏജന്‍സിയായ റോസോബൊറോന്‍ എക്സ്പോര്‍ട്ട് കമ്പനിയുടെ സി ഇ ഒയാണ് അലക്സാണ്ടര്‍ മിഖീവ്.
കപ്പലിലെ ചീഫ് എഞ്ചിനീയറായ റാസ് ഒസ്റ്റാപ്ചുക് എന്ന യുക്രൈന്‍ നാവികനാണ് ഇത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാകുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്തു. ഇയാളെ നാട്ടിലേയ്ക്ക അയക്കാനാണ് കോടതി വിധിച്ചത്. നാട്ടിലെത്തി റഷ്യയക്കെതിരായി ഉക്രൈന്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരുമെന്ന് ജീവനക്കാരന്‍ അറിയിച്ചു.
നാവികന്‍ ആദ്യം എഞ്ചിന്‍ മുറിയിലെ വമ്പന്‍ വാല്‍വ് തുറന്നിടുകയായിരുന്നു. പിന്നീട്, കപ്പല്‍ ജീവനക്കാരുടെ താമസസ്ഥലത്തുള്ള മറ്റൊരു വലിയ വാല്‍വും തുറന്നിട്ടു. ശേഷം വൈദ്യുതി സ്വിച്ച് ഓഫ് ചെയ്യുകയും ഇന്ധന വാല്‍വ് അടച്ചിടുകയും ചെയ്തു. ഇതോടെ കപ്പലിന്റെ രണ്ട് ഭാഗങ്ങള്‍ മുങ്ങുമെന്ന് ഉറപ്പായി. കപ്പലില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരോട് രക്ഷപ്പെടാന്‍ ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാരാണ് മാനേജ്‌മെന്റിനെ വിവരം അറിയിച്ചത്.
റഷ്യയുടെ ഉക്രൈനുമേലുള്ള ആക്രമണമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചത് എന്ന് നാവികന്‍ സ്പാനിഷ് കോടതിയില്‍ മൊഴിനല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. തന്റെ ജനതയെ കൊന്നൊടുക്കാന്‍ ശ്രമിക്കുന്നത് തന്റെ മുതലാളിയുടെ കമ്പനി നിര്‍മിച്ച മിസൈലാണ് എന്ന് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ഒരു രാജ്യത്തെയും അവിടത്തെ ജനങ്ങളെയും കൊന്നുതീര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമിനലാണ് താന്‍ ജോലി ചെയ്യുന്ന കപ്പലിന്റെ ഉടമയെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കപ്പല്‍ മുക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുറ്റബോധം ഇല്ല. ഇനിയും ഇത്തരം കാര്യങ്ങള്‍ ചെയ്യും എന്നും അയാള്‍ പറഞ്ഞതായി എപി റിപ്പോര്‍ട്ട് ചെയ്തു.
