റഷ്യന്‍ അധിനിവേശം; കൊല്ലപ്പെട്ടത് 14 കുട്ടികളടക്കം 352 പേര്
റഷ്യയുടെ ഉക്രൈന് അധിനിവേശത്തില്‍ ഇതുവരെ മുതല്‍ 352 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഉക്രൈന് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ 116 കുട്ടികള്‍ ഉള്‍പ്പെടെ 1,684 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉക്രൈനിലെ സായുധ സേനയ്ക്കിടയിലെ ആളപായത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. അതേസമയം തങ്ങളുടെ സൈന്യം ഉക്രൈനിയന്‍ സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും, സാധാരണ ജനങ്ങള്‍ അപകടത്തിലല്ലെന്നുമാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യന്‍ സേനയില്‍ എത്ര പേര് കൊല്ലപ്പെട്ടുവെന്നുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. റഷ്യന്‍ സൈനികര്‍ കൊലപ്പെട്ടതായും, സൈനികര്‍ക്ക് പരിക്കേറ്റതായും മാത്രമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
അതേസമയം റഷ്യ ഉക്രൈന് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റഷ്യ ഉക്രൈന് രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് ബെലാറൂസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്ന് റഷ്യ പ്രതികരിക്കുമ്പോഴും, പ്രതീക്ഷയില്ലെന്നാണ് ഉക്രൈന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി പ്രതികരിച്ചത്. ബെലാറൂസിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. ഉക്രൈനിനെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണയാകമാണെന്ന് സെലന്‍സ്കി പറഞ്ഞു.
ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സെലന്‍സ്കിയുടെ പ്രതികരണം. ആണവ പ്രതിരോധ സേനയ്ക്കാണ് പുടിന് നിര്‍ദ്ദേശം നല്‍കിയത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പുടിന് നാറ്റോ പ്രകോപിപ്പിക്കുകയാണെന്നും പറഞ്ഞു.
നാറ്റോ ഉക്രൈന് ധാരണ മുന്നില്‍ കണ്ടാണ് പുടിന്റെ പുതിയ നീക്കം. ഉക്രൈന് നേരെയുള്ള പുടിന്റെ ആണവായുധ ഭീഷണിയ്ക്ക് പിന്നാലെ ആണവായുധമുക്ത രാജ്യമെന്ന പദവി ബെലാറൂസ് നീക്കിയിട്ടുണ്ട്. ഭരണഘടനാ ഭേദഗതി പാസ്സാക്കിയാണ് ബെലാറൂസ് റഷ്യയ്ക്ക് സജീവ പിന്തുണ അറിയിച്ചിരിക്കുന്നത്. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസ്സില്‍ വിന്യസിക്കാനുള്ള തടസ്സം നീങ്ങി. ബെലാറൂസിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയിലാണ് ഉക്രൈന് തലസ്ഥാനമായ കീവും.കീവിലും റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹര്‍കീവിലും യുദ്ധം കനക്കുകയാണ്.
