100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള തണല്‍മരം ഉണങ്ങിയതില്‍ ദുരൂഹത; സാമൂഹ്യ ദ്രോഹികൾ ഉണക്കിയതാണെന്ന് നാട്ടുകാർ.
വള്ളിക്കുന്ന്: 100 വര്‍ഷത്തിലധികം പഴക്കമുള്ള റോഡരികിലെ തണല്‍മരം പെട്ടെന്ന് ഉണങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ പരാതി. ചേളാരി – ചെട്ടിപ്പടി റോഡിൽ കൊടക്കാട് കെ.എച്ച്.എ.എം.എൽ.പി.സ്കൂളിന് മുൻവശത്ത് നല്ല തലയെടുപ്പോടെ നിന്നിരുന്ന രണ്ട് വലിയ മരങ്ങളാണ് പെട്ടെന്ന് ഉണങ്ങിയ നിലയിൽ കാണപ്പെട്ടത്.
സ്കൂളിന് മുൻവശത്ത് പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലാണ് ഈ മരങ്ങളുള്ളത്. എന്തെങ്കിലും രാസ പദാർത്ഥങ്ങളോ, കീടനശിനികളോ ഉപയോഗിച്ച് മരങ്ങൾ ഉണക്കിയതാണോ എന്ന സംശയം നാട്ടുകാരിൽ ഉയർന്ന് വന്നിട്ടുണ്ട്.
കെട്ടിടത്തിന് മുന്നിലെ ഈ മരങ്ങൾ ദിവസങ്ങൾ കൊണ്ട് ഉണങ്ങിയതിൽ ദുരൂഹതയുള്ളതായും മരങ്ങൾ ഉണങ്ങാനുണ്ടായ സാഹചര്യം അധികൃതർ അന്വേഷണം നടത്തണമെന്നും വള്ളിക്കുന്ന് പഞ്ചായത്ത് പതിനഞ്ചാം വാർഡ് യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗും, സി.പി.എമ്മും പ്രദേശത്ത് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
