ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നേരിട്ടെത്തിയാൽ ഫിറ്റ്‌നസില്ല; എംവിഡിക്കെതിരെ രോഷമുയരുന്നു; ഏജന്റ് മാഫിയയെ പൂട്ടാൻ നടപടി വേണമെന്ന ആവശ്യം ശക്തമാവുന്നു..!
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ എംവിഡി ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കുമെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് ഓട്ടോ തൊഴിലാളി സംഘടനകൾ ആരോപിച്ചു.
സംഭവം വിവാദമായതോടെ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പ്രദേശത്ത് വൻ പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു. മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ കേന്ദ്രീകരിച്ച് വൻ ഏജന്റ് മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.
ഏജന്റുമാർ വഴി അല്ലാതെ നേരിട്ട് അപേക്ഷ നൽകുന്ന സാധാരണക്കാരുടെ വാഹനങ്ങൾക്ക് നിസ്സാര കാരണങ്ങൾ പറഞ്ഞ് ഫിറ്റ്‌നസ് തടയുന്നത് പതിവാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. മുൻപ് ഏജന്റ് മുഖേന അപേക്ഷ നൽകിയപ്പോൾ ഇതേ വാഹനത്തിന് ഫിറ്റ്‌നസ് ലഭിച്ചിരുന്നു.
എന്നാൽ ഇത്തവണ നേരിട്ട് അപേക്ഷിച്ചപ്പോൾ ബോഡിയിൽ സ്റ്റീൽ കമ്പികൾ സ്ഥാപിച്ചു എന്നാരോപിച്ചാണ് അധികൃതർ അനുമതി നിഷേധിച്ചത്. വാഹനം നിരത്തിലിറക്കാൻ കഴിയാത്തതിനെ തുടർന്ന് വരുമാനം നിലച്ച് കടക്കെണിയിലായതാണ് ഷൗക്കത്തിനെ ആത്മഹത്യയിലേക്ക് നയിച്ചത്.
സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയം ഗൗരവമായി എടുത്ത ഗതാഗത മന്ത്രി സി.പി. ജോൺ, സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറോട് നിർദേശിച്ചു. ട്രാൻസ്പോർട്ട് സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
