കണക്കുകളിൽ മലപ്പുറം ഒന്നാമത്; വിഭജന കാര്യത്തിൽ പ്രഥമ പരിഗണന വേണമെന്ന് ആവശ്യം; ജനസംഖ്യാ ആനുപാതിക ജില്ലാ വിഭജന മുറവിളി ശക്തം..!
സംസ്ഥാനത്ത് വീണ്ടും ജില്ലാ വിഭജന ചർച്ചകൾ സജീവമാകുമ്പോൾ, ജനസംഖ്യാ ആനുപാതികമായ വിഭജനത്തിൽ ഏറ്റവും പ്രഥമ പരിഗണന നൽകേണ്ട മലപ്പുറം ജില്ലയ്ക്കായി മുറവിളി ശക്തമാകുന്നു. മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മലപ്പുറം ജില്ലാ വിഭജനത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ വീണ്ടും രാഷ്‌ട്രീയ ചർച്ചകളിലേക്ക് ഉയർന്നുവന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളുമുള്ള മലപ്പുറം വിഭജിക്കപ്പെടണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. 2011-ലെ സെൻസസ് പ്രകാരം 41.13 ലക്ഷമാണ് മലപ്പുറത്തെ ജനസംഖ്യ. 3,550 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ജില്ലയിൽ ചതുരശ്ര കിലോമീറ്ററിൽ 1,157 ആളുകൾ എന്ന തോതിലാണ് ജനസാന്ദ്രത.
ഈ കണക്കുകൾ പരിശോധിച്ചാൽ മൂവാറ്റുപുഴയേക്കാൾ പുതിയ ജില്ല രൂപീകരിക്കേണ്ടത് മലപ്പുറത്താണ്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങളും മികച്ച ഭരണസൗകര്യവും ലഭ്യമാക്കാൻ വിഭജനം അത്യന്താപേക്ഷിതമാണ്.
അതേസമയം, ജനസംഖ്യാ ആനുപാതികമായി സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് മുസ്ലിം ലീഗ് സംസാരിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. പ്രത്യേകം ഒരു ജില്ലയ്ക്ക് വേണ്ടിയല്ല, മറിച്ച് മുഴുവൻ ജനങ്ങൾക്കും ഭരണാനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം.
കേരളപ്പിറവിക്ക് ശേഷം 1969 ജൂൺ 16-ന് സംസ്ഥാനത്തെ പത്താമത്തെ ജില്ലയായി രൂപീകൃതമായ മലപ്പുറത്ത് വിഭജന ആവശ്യം ശക്തമായി ഉയരുമ്പോൾ സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്നത് നിർണ്ണായകമാണ്.
