എടവണ്ണപ്പാറ എളമരം പാലത്തിന് താഴെ മൃതദേഹം ഒഴുകിനടക്കുന്ന നിലയിൽ; കാണാതായ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു..!
ചാലിയാർ പുഴയിൽ എടവണ്ണപ്പാറ എളമരം പാലത്തിന് താഴെയായി യുവാവിന്റെ മൃതദേഹം കണ്ടെത്തി. അരീക്കോട് നിന്ന് കാണാതായ പാലക്കാട് അഴിയന്നൂർ കടമ്പഴിപ്പുറം സ്വദേശിയും തോട്ടിക്കുഴി വീട്ടിൽ താമസക്കാരനുമായ ദിലീപ് എം (30) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ഓഗസ്റ്റ് 17 മുതൽ ദിലീപിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. അരീക്കോട് ചാലിയാർ പുഴയുടെ സമീപത്താണ് ഇയാളെ അവസാനമായി കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.
ഇന്ന് രാവിലെ എളമരം പാലത്തിന് താഴെയായി മൃതദേഹം വെള്ളത്തിൽ പൊന്തി ഒഴുകിവരുന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ വിവരം പോലീസിലും സന്നദ്ധ പ്രവർത്തകരിലും അറിയിക്കുകയായിരുന്നു.
പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാവൂർ പോലീസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
