സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ ഗുരുതര അപകടങ്ങള്‍ക്ക് ഇടയാക്കാവുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.
മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാവുന്ന ഇടിമിന്നല്‍ വൈദ്യുത ആശയവിനിമയ ശൃംഖലകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാര്‍മേഘം രൂപപ്പെടുന്ന സമയത്ത് തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും, ഇടിമിന്നല്‍ ദൃശ്യമാകാത്ത സാഹചര്യങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
ഇടിമിന്നല്‍ ആരംഭിക്കുന്ന സൂചനകള്‍ ലഭിക്കുന്നതോടെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുകയും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാതിരിക്കുകയും വേണം.
മഴക്കാലാവസ്ഥയില്‍ ടെറസുകളിലും ജലാശയങ്ങളിലും തുടരുന്നത് അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്. മിന്നലേറ്റ് അപകടം സംഭവിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ വൈദ്യസഹായം നല്‍കുന്നത് നിര്‍ണായകമാണെന്നും ആദ്യ നിമിഷങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ഏറ്റവും പ്രധാനമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു..
