അവകാശപ്പെട്ട ഭൂമി ലഭിച്ചില്ല; നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീയുടെ പ്രതിഷേധം; നഗരത്തിൽ ഗതാഗതം സ്തംഭിച്ചു, ഒടുവിൽ പൊലീസ് ഇടപെടൽ..!
തിരക്കേറിയ നഗരമധ്യത്തിൽ ഭർത്താവിന്റെ കുടുംബവിഹിതം ആവശ്യപ്പെട്ട് വീട്ടമ്മ നടുറോഡിൽ നിസ്‌കരിച്ച് പ്രതിഷേധിച്ചു.
ഇന്ന് ഉച്ചയ്ക്ക് പാലക്കാട് ഐ.എം.എ ജംഗ്ഷനിലായിരുന്നു സംഭവം.
കുനിയമത്തൂർ സ്വദേശിയായ അനീസയാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ഇതോടെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും തുടർന്ന് സൗത്ത് പൊലീസ് സ്ഥലത്തെത്തി ഇവരെ നീക്കം ചെയ്യുകയുമായിരുന്നു.
തനിക്ക് നീതി വേണമെന്നും തന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നും ആവശ്യപ്പെട്ടായിരുന്നു അനീസയുടെ പ്രതിഷേധം. കൊല്ലങ്കോട് നണ്ടൻ കിഴാഴിയിലുള്ള അനീസയുടെ പരേതനായ ഭർത്താവിന്റെ വീടിനോടു ചേർന്നുള്ള എട്ട് സെന്റ് ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
തന്റെ ഭർത്താവിന് അവകാശപ്പെട്ട ഭൂമിയുടെ വിഹിതം തനിക്കും മക്കൾക്കും നൽകാതെ ഭർത്താവിന്റെ സഹോദരന്മാർ കൈക്കലാക്കി എന്നതായിരുന്നു അനീസയുടെ പരാതി. അധികൃതരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് ഇത്തരമൊരു സമരരീതി തിരഞ്ഞെടുത്തതെന്ന് ഇവർ.
തനിക്ക് രണ്ട് മക്കളുണ്ടെന്നും അവർക്ക് ലഭിക്കേണ്ട അവകാശം നേടിയെടുക്കാൻ മറ്റുവഴികളില്ലെന്നും അനീസ പൊലീസിനോട് വെളിപ്പെടുത്തി. സംഭവസമയത്ത് അനീസയ്ക്കൊപ്പം ഉണ്ടായിരുന്ന സഹോദരൻ തൊട്ടടുത്തുള്ള ഒരു കടയിലേക്ക് പോയപ്പോഴാണ് ഇവർ റോഡിലിരുന്ന് പ്രതിഷേധം തുടങ്ങിയത്.
പൊലീസ് സ്ഥലത്തെത്തി അനീസയെ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ഇവരുടെ സഹോദരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ്.
