പന്തീരാങ്കാവിൽ ടോൾ തുടങ്ങി; ടോൾ പേടിച്ച് ഇടവഴികളിലേക്ക്; സമാന്തര പാതകളിൽ കുരുക്ക് മുറുകുന്നു; വലഞ്ഞ് യാത്രക്കാർ..!
ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾ പ്ലാസ പ്രവർത്തനമാരംഭിച്ചതോടെ നഗരത്തിലെ സമാന്തര റോഡുകളിലും പോക്കറ്റ് റോഡുകളിലും വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്ക്. ടോൾ ഒഴിവാക്കി യാത്ര ചെയ്യാൻ ലക്ഷ്യമിട്ട് ചെറുതും വലുതുമായ വാഹനങ്ങൾ ഇടവഴികളിലേക്ക് തിരിയുന്നതോടെ ഉൾനാടൻ പാതകൾ ശ്വാസംമുട്ടുകയാണ്.
ടോൾ തുക ലാഭിക്കാൻ വേണ്ടിയുള്ള ഈ നെട്ടോട്ടം പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിലേക്കും വലിയ ഇന്ധന നഷ്ടത്തിലേക്കുമാണ് യാത്രക്കാരെ എത്തിക്കുന്നത്.
മാങ്കാവ് മിനി ബൈപാസ് ജങ്‌ഷൻ മുതൽ മീഞ്ചന്ത പുതിയറ റോഡിലും മാങ്കാവ് മുതൽ പന്തീരാങ്കാവ് ജങ്‌ഷൻ വരെയുമാണ് നിലവിൽ ഏറ്റവും രൂക്ഷമായ ഗതാഗത സ്തംഭനം അനുഭവപ്പെടുന്നത്. ടോൾ പ്ലാസയിൽ പണം നൽകുന്നത് ഒഴിവാക്കാൻ പാലാഴി, ഇരിങ്ങല്ലൂർ, തടമ്പാട്ടുതാഴം, കിണാശ്ശേരി, കൂടത്തുംപാറ, ഒളവണ്ണ തുടങ്ങിയ പ്രദേശങ്ങളിലെ ചെറിയ റോഡുകളെയാണ് ഇപ്പോൾ വാഹനയാത്രക്കാർ ആശ്രയിക്കുന്നത്.
എന്നാൽ, ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ വീതി കുറഞ്ഞ ഈ റോഡുകളിലേക്ക് പ്രവേശിക്കുന്നത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ കാരണമാകുന്നു. കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത ഇത്തരം പോക്കറ്റ് റോഡുകളിൽ കുരുക്ക് രൂക്ഷമായതോടെ പ്രദേശവാസികളും വലിയ ബുദ്ധിമുട്ടിലാണ്.
ഗതാഗതക്കുരുക്കിൽ പെട്ട് സമയനഷ്ടം സംഭവിക്കുന്നതിനൊപ്പം ഇന്ധനച്ചെലവ് വർദ്ധിക്കുന്നത് ടോൾ ലാഭിക്കാൻ നോക്കുന്നവർക്ക് ഇരട്ടി പ്രഹരമാവുകയാണ്. വരും ദിവസങ്ങളിൽ ഈ റൂട്ടുകളിൽ കൂടുതൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
