ഫേസ് ക്രീം അമ്മ മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് മർദിച്ച് വാരിയെല്ലൊടിച്ചു മകൾ; യുവതി അറസ്റ്റിൽ..!
നിസ്സാരമായ കാരണത്തിന്റെ പേരിൽ എഴുപതുകാരിയായ അമ്മയെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച മകളെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം പനങ്ങാട് സ്വദേശിനി നിവിയ (30) ആണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്.
പനങ്ങാട് സ്വദേശിനിയായ സരസുവിനെയാണ് മകൾ അതിക്രൂരമായി ഉപദ്രവിച്ചത്. ഇക്കഴിഞ്ഞ ജനുവരി 19-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
തന്റെ ഫേസ് ക്രീം അമ്മ മാറ്റിവെച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം കമ്പിപ്പാര കൊണ്ട് മർദിക്കുകയായിരുന്നു.
മർദനത്തിൽ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞു. സംഭവത്തിന് ശേഷം അമ്മ പരാതി നൽകിയതോടെ നിവിയ ഒളിവിൽ പോയി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വയനാട് മാനന്തവാടിയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പിടിയിലാകുന്ന സമയത്ത് പത്തു വയസ്സുള്ള കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. അറസ്റ്റിലായ നിവിയ കൊടുംക്രിമിനലാണ്. നേരത്തെ ഒരു കൊലപാതക കേസിലും ലഹരിക്കേസിലും ഇവർ പ്രതിയാണ്. കൂടാതെ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ഇവർക്ക് പങ്കുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ള ഇവർ വീട്ടിൽ സ്ഥിരമായി അമ്മയുമായി വഴക്കിടാറുള്ളതായും പോലീസ്. പ്രതിക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തി നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.
