NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂരിന് പുതുസമ്മാനം; ഇടത്തരം വിമാനങ്ങളുമായി സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; സർവീസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും..!

മലബാറിലെ പ്രവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ റിയാദ് – കോഴിക്കോട് സെക്ടറിൽ വിമാനങ്ങൾ പറന്നുതുടങ്ങും.

റൺവേ നിയന്ത്രണങ്ങളെത്തുടർന്ന് കരിപ്പൂർ വിട്ടുപോയ കമ്പനി അഞ്ച് വർഷത്തിന് ശേഷമാണ് മലബാറിലേക്ക് മടങ്ങിയെത്തുന്നത്.

2015 വരെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കരിപ്പൂരിൽ സജീവമായിരുന്ന സൗദി എയർലൈൻസ്, റൺവേ നവീകരണത്തെത്തുടർന്നാണ് വലിയ വിമാനങ്ങൾക്കുള്ള നിരോധനം വന്നതോടെ സർവീസ് നിർത്തിയത്.

പിന്നീട് 2018-ൽ തിരിച്ചെത്തിയെങ്കിലും 2020-ലെ കരിപ്പൂർ വിമാനാപകടത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ വലിയ വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം വന്നതോടെ കമ്പനി മടങ്ങുകയായിരുന്നു.

ഇത്തവണ കരിപ്പൂരിലെ റൺവേയ്ക്ക് അനുയോജ്യമായ എയർബസ് 321 നിയോ പോലുള്ള ഇടത്തരം വിമാനങ്ങൾ ഉപയോഗിച്ചാണ് സർവീസ് നടത്തുക.

റിയാദ് സർവീസിന് തൊട്ടുപിന്നാലെ തന്നെ ജിദ്ദയിൽ നിന്നുള്ള സർവീസുകളും ആരംഭിക്കുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന സൂചന. സൗദി എയർലൈൻസിന്റെ മടങ്ങിവരവ് പ്രവാസികൾക്കും ഹജ്ജ്-ഉംറ തീർത്ഥാടകർക്കും വലിയ ആശ്വാസമാകും.

നിലവിൽ നേരിട്ടുള്ള വിമാനങ്ങളുടെ കുറവ് മൂലം നേരിടുന്ന യാത്രാക്ലേശത്തിനും ഉയർന്ന ടിക്കറ്റ് നിരക്കിനും ഇതോടെ വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *