നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടുത്തം; 6 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
നവി മുംബൈയിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. 6 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെയാണ് മരിച്ചത്. പൂജ രാജൻ (39), സുന്ദർ ബാലകൃഷ്ണൻ (44), വേദിക സുന്ദർ ബാലകൃഷ്ണൻ (6) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം സ്വദേശികളായ ഇവർ വർഷങ്ങളായി നവി മുംബൈയിൽ താമസമാക്കിയിട്ട്. വാഷിയിലെ എംജി കോംപ്ലക്സിലെ 10-ാം നിലയിലാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. എ സി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഒരു മഹാരാഷ്ട്ര സ്വദേശി കൂടി മരണപെട്ടതായി സ്ഥിരീകരണം ഉണ്ട്. വാഷിയിലെ സർക്കാർ ആശുപത്രിയിൽ ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. പത്തുപേർക്ക് അപകടത്തിൽ പരുക്കേറ്റു. പ്രാഥമിക വിവരം അനുസരിച്ച് മൂന്ന് ഫ്ളാറ്റുകളിലേക്ക് തീപടർന്നിരുന്നു. തീജ്വാലകൾ പടർന്നപ്പോൾ കുടുംബത്തിന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നും അവർ കുടുങ്ങി കിടക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
