മഞ്ഞപ്പിത്തം പടരുന്നു: ഒരു കിലോമീറ്ററിനുള്ളിൽ ഒൻപത് പേർക്ക് രോഗബാധ; പ്രതിരോധ പ്രവർത്തനങ്ങൾ 50 ദിവസത്തേക്ക് നീട്ടും..!
മലപ്പുറം ജില്ലയിൽ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായി പടരുന്നതായി സ്ഥിരീകരിച്ചു. കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയിൽ, കല്ലംകുന്ന് എന്നീ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒൻപതു പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
പുറ്റംകുന്നിലെ അഞ്ച് കുട്ടികൾക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികൾക്കും കല്ലംകുന്നിലെ ഒരു കുട്ടിക്കുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കുറുപൊയിലിലെ ഒരാൾക്കും രോഗബാധയുണ്ട്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരും നാട്ടുവൈദ്യ ചികിത്സ തേടിയവരും വേറെയുമുണ്ട്. താഴെ പുറ്റമണ്ണയിലെ മൈതാനത്ത് കളിക്കുന്ന ഏഴ് കുട്ടികൾക്കാണ് നിലവിൽ മഞ്ഞപ്പിത്തമുള്ളത്. ഇതിൽ പുറ്റംകുന്നിലെ അഞ്ച് കുട്ടികളും പള്ളിക്കുന്നിലെ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ നിലവിൽ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സമീപത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മഞ്ഞപ്പിത്ത രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ 15 മുതൽ 50 ദിവസം വരെ എടുക്കുമെന്നതിനാൽ, രോഗബാധയുണ്ടായ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ 50 ദിവസത്തേക്ക് തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ.
ആഹാരം, പാത്രം, രോഗബാധിതരുടെ ശൗചാലയം എന്നിവ പങ്കുവെച്ച് ഉപയോഗിക്കുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. അതിനാൽ ചികിത്സയിലിരിക്കുന്നവർ ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കൃത്യമായി കഴിക്കണം. രോഗബാധിതർ പാചകം ചെയ്യുന്നതും വിളമ്പുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കുന്നത് രോഗവ്യാപനം തടയാൻ സഹായകമാകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ.
