കോഴിക്കോട് ബീച്ചിൽ കളിക്കുകയായിരുന്ന ഏഴ് വയസുകാരനെ ചാക്കിൽ കയറ്റി തട്ടി കൊണ്ടുപോകാൻ ശ്രമം; സ്ത്രീയടക്കം രണ്ട് നാടോടികൾ പിടിയിൽ..!
കോഴിക്കോട്: ബീച്ചിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമം. കൂടെയുണ്ടായിരുന്ന കുട്ടികളുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വിഫലമായി. സംഭവത്തില്‍ രണ്ട് നാടോടികൾ പൊലീസിൻ്റെ പിടിയിലായി. ഒരു സ്ത്രീയും പുരുഷനുമാണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ബീച്ചിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന ഏഴ് വയസുകാരനെ നാടോടികള്‍ ചേർന്ന് പിടികൂടുകയും അവരുടെ പക്കലുണ്ടായിരുന്ന ചാക്കിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്തു.
തൊട്ടടുത്തുതന്നെ കളിക്കുകയായിരുന്ന മറ്റ് കുട്ടികൾ ബഹളം വെക്കുകയും ഇത് ചെറുക്കുകയും ചെയ്തു. കൂടാതെ ബീച്ചിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ എത്തി കുട്ടികൾ വിവരമറിയിക്കുകയായിരുന്നു.
എയ്‌ഡ് പോസ്റ്റിലെ പൊലീസുകാർ ഓടിയെത്തി കുട്ടികൾ തടഞ്ഞുവെച്ച നാടോടികളായ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. മംഗലാപുരം സ്വദേശികളായ ശ്രീനിവാസൻ, ലക്ഷ്മി എന്നീ പേരുകളാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. കന്നടക്ക് പുറമെ നല്ല രീതിയിൽ മലയാളം സംസാരിക്കുന്നവർ കൂടിയാണ് പിടിയിലായ രണ്ടുപേരും.
കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ മറ്റ് വിവരങ്ങൾ വ്യക്തമാവുകയുള്ളൂ. ശ്രീനിവാസൻ്റെ പേരിൽ കേരളത്തിൽ രണ്ട് കേസുകളുണ്ട്. തൃശ്ശൂരിലാണ് രണ്ട് മോഷണ കേസുകൾ ഉള്ളത്. ദമ്പതികൾ കോഴിക്കോട് എത്തിയിട്ട് പത്ത് ദിവസമേ ആയിട്ടുള്ളൂ.
പട്ടാപ്പകൽ ഏറെ തിരക്കേറിയ കോഴിക്കോട് ബീച്ചിൽ ഇത്തരത്തിൽ കുട്ടിയെ തട്ടി കൊണ്ടു പോകാൻ ശ്രമിച്ചത് വലിയ ആശങ്കയും ഭീതിയും പടര്‍ത്തിയിട്ടുണ്ട്.
