NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഇന്ന് ഹൈക്കോടതില്‍

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.

 

അപ്പീലില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും ഡിവിഷന്‍ ബെഞ്ചില്‍ നിലപാട് അറിയിക്കും. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ പ്രധാന വാദം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നുമാണ് കുടുംബത്തിന്റെ വാദം.

 

ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. അപൂര്‍വ്വ സാഹചര്യമാണ് കേസിലുള്ളത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വഴി ഉത്തരം ലഭിച്ചില്ല. ഇത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ സംശയമുയര്‍ത്തുന്നു.

 

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് ശരിയായ രീതിയിലായിരുന്നില്ല. ആത്മഹത്യയെങ്കില്‍ ഉമിനീര് പുറത്തുവരുമായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഇക്കാര്യത്തിലും നിശബ്ദത പാലിക്കുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം. കേസ് ഡയറിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും സിംഗിള്‍ ബെഞ്ച് ശരിയായി പരിശോധിച്ചില്ല. കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നുമാണ് കെ മഞ്ജുഷയുടെ അപ്പീലിലെ വാദം.

Leave a Reply

Your email address will not be published.