പരപ്പനങ്ങാടി നഗരസഭയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് എസ്.ഡി.പി ഐ നഗരസഭയിലേക്ക് മാർച്ച് നടത്തി


പരപ്പനങ്ങാടി : നഗരസഭയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് എസ്.ഡി.പി ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പദ്ധതിവിഹിതം നടപ്പിലാക്കുന്നതിൽ വരുത്തിയ വീഴ്ച, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ, മാലിന്യ സംസ്കരണത്തിലെ വീഴ്ച, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥക്കുമെതിരെയാണ് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ നഗരസഭ കവാടത്തിൽ പോലീസ് തടഞ്ഞു.
എസ്.ഡി.പി ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി മാർച്ച് ഉത്ഘാടനം ചെയ്തു.
നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രമിപ്പോൾ കിടത്തി ചികിത്സക്ക് പകരം തെരുവ് നായ്ക്കളുടെ വിശ്രമ കേന്ദ്രമായെന്നും നഗരസഭക്ക് പിൻവശം മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയാണെന്നും അദ്ധേഹം പറഞ്ഞു.
സാമ്പത്തിക വർഷം പിന്നിടാൻ മാസങ്ങൾ ബാക്കി നിൽക്കെ പദ്ധതിവിഹിതം നടപ്പിലാക്കാത്ത മുൻസിപ്പാലിറ്റികളുടെ ഗണത്തിൽ പരപ്പനങ്ങാടി മൂന്നാം സ്ഥാനത്ത് എത്തിയത് ഭരണകൂടത്തിന്റെ കാര്യസ്ഥതയാണെന്നും അദ്ധേഹം കൂട്ടിചേർത്തു.
എസ്.ഡി.ടിയു. മലപ്പുറം ജില്ല പ്രസിഡൻ്റ് അക്ബർ പരപ്പനങ്ങാടി, മുൻസിപ്പൽ പ്രസിഡൻ്റ് സി.പി. നൗഫൽ, സെക്രട്ടറി കളത്തിങ്ങൽ അബ്ദുൽ സലാം, സി.പി. അഷ്റഫ് സംസാരിച്ചു.
കെ. സിദ്ധീഖ്, യാസർ അറഫാത്ത്, മാമുക്കോയ, അഷ്റഫ് ബാബു നേതൃത്വം നൽകി.