കാൻസർ രോഗിക്ക് ദാനം ചെയ്യാൻ മുടി നീട്ടിവളർത്തി നാലാം ക്ലാസുകാരൻ
വള്ളിക്കുന്ന് : സഹപാഠികൾക്കിടയിൽ നിന്നും പെണ്‍കുട്ടി എന്ന കളിയാക്കലിൽ തളരാതെ പെണ്‍കുട്ടികളോളം നീളത്തില്‍ വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്ക് മുറിച്ചു നല്‍കാനൊരുങ്ങികയാണ് ഈ കൊച്ചു മിടുക്കൻ.
ഒലിപ്രം തിരുത്തി എ.യു.പി. സ്കൂളിലെ നാലാം ക്ലാസുകാരൻ കാശിനാഥാണ് നീട്ടിവളർത്തി പരിപാലിച്ചുവന്ന കേശം കാൻസർ രോഗിക്ക് ദാനം ചെയ്യാനൊരുങ്ങുന്നത്. വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണി സ്വാദേശിയും കേബിൾ ടി.വി. ഓപറേറ്ററുമായ ചെനയിൽ പ്രവീൺ കുമാർ – ദിഞ്ചു ദമ്പതികളുടെ മകനായ കാശിനാഥ്, കോവിഡിന് ശേഷം വളർത്തി തുടങ്ങിയതാണ് മുടി.
പലരുടെയും കളിയാക്കലുകൾക്കിടയിലും മുറിക്കാതെ കാത്തുവെക്കുകയായിരുന്നു. സ്കൂൾ തുറന്നപ്പോൾ രണ്ടാം ക്ലാസിൽ ആയിരുന്നു. മുടി നീട്ടിവളർത്തുന്നതിന്റെ കാര്യം അച്ഛൻ പ്രവീൺ കുമാർ സ്കൂളിൽ അറിയിച്ചപ്പോൾ പ്രഥമാധ്യാപകൻ ബിജേഷിന്റേയും ക്ലാസ്സധ്യാപകൻ വൈശാഖിന്റേയും മറ്റു അധ്യാപകരുടെയും പരിപൂർണ പിന്തുണയും ലഭിച്ചു.
അറിയാവുന്ന പലരും പെൺകുട്ടി എന്ന് വിളിച്ചു കളിയാക്കി. ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും പിന്മാറിയില്ല. പെണ്‍കുട്ടികളോളം നല്ലരീതിയിൽ മുടി വളരാൻ തുടങ്ങിയതോടെ കളിയാക്കിയവരും പിന്മാറി. ഈ മുടിയഴകിന് പിന്നിൽ അമ്മ ദിഞ്ചുവിന്റെ കരുതൽ കൂടിയുണ്ട്.
ചീകിയൊതുക്കി മുടി മുകളിലേക്ക് കെട്ടിവെക്കാൻ തന്നെ ഏറെ സമയം വേണം. നിലവിൽ 15 മുതൽ 18 ഇഞ്ചോളാം നീളമുണ്ട്. അടുത്ത ദിവസം തന്നെ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കേശം ദാനം ചെയ്യും. സഹോദരി ആവണി കൃഷ്ണ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്. സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്
