പരപ്പനങ്ങാടിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻജ്വരം സ്ഥിരീകരിച്ചു
പരപ്പനങ്ങാടി : നഗരസഭാ പരിധിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. എട്ടാം ഡിവിഷനിൽ നെടുവ പൂവത്താൻകുന്നിലെ അഞ്ചുവയസ്സുകാരനാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. 10 ദിവസം മുമ്പ് പനിബാധിച്ച് കുട്ടിയെ സ്വകാര്യ ആശുപത്രികളിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
മെഡിക്കൽ കോളേജിൽ നിന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ റിസൾട്ടിൽ ആണ് കുട്ടിക്ക് ജപ്പാന്‍ ജ്വരബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വാസുദേവൻ തെക്കുവീട്ടിൽ, ആരോഗ്യ സൂപ്പർവൈസർ ഷാഹുൽ ഹമീദ്, എച്ച്.ഐ. സബിത, ജെ.എച്ച്.ഐ. താഹിറ എന്നിവർ സന്ദർശിച്ചു. ഡിവിഷൻ കൗൺസിലർ ജയദേവന്റെ നേതൃത്വത്തിൽ കെ.ആർ.ടി. ടീം രൂപവത്കരിച്ചു.
ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ ടീം ഒരു കിലോമീറ്റർ ചുറ്റളവിൽ ഉറവിട നശീകരണ പ്രവർത്തനങ്ങളും പനി സർവേയും നടത്തി. പ്രദേശവാസികളെ ഉൾപ്പെടുത്തി കൗൺസിലറുടെ അധ്യക്ഷതയിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
ജൂനിയർ ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ, രാജേഷ്, താഹിറ. എന്നിവർ നേതൃത്വം നൽകി.ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി വ്യാഴാഴ്ച പരപ്പനങ്ങാടി നഗരസഭയിൽ ഒരു സംയുക്ത യോഗം ചേരും.
ജാഗ്രത വേണം : കൊതുകിന്റെ ഉറവിടനശീകരണം നടത്തണം
താരതമ്യേന രോഗപ്രതിരോധ കുറവുള്ള 15 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ജപ്പാന്‍ജ്വരം വേഗത്തിൽ ബാധിക്കുന്നത്. മുതിര്‍ന്നവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗിയായ മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് ജപ്പാന്‍ ജ്വരം പകരില്ല എന്നത് ആശ്വാസകരമാണ്. കൊതുക് വഴി മനുഷ്യശരീരത്തിലെത്തുമെന്നതിനാൽ സൂക്ഷിച്ചില്ലെങ്കില്‍ അപകടകാരിയാണ്.
കൊതുകിന്റെ ഉറവിടനശീകരണം കാര്യക്ഷമമാക്കുക, ഫോഗിങ് നടത്തുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക എന്നിവ രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കണം. രോഗലക്ഷണം കണ്ടാല്‍ ഉടനെ ചികിത്സതേടണം. ഏതുതരം പനിയായാലും വൈദ്യസഹായം തേടണം.
ദേശാടനപ്പക്ഷികളിലൂടെയാവാം വൈറസ് എത്തിയതെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമികനിഗമനം. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ മുട്ടയിടുന്ന ക്യൂലെക്‌സ് കൊതുകുവഴിയാണ് രോഗം കൂടുതലായി പകരുന്നത്.
