NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്ന് കേസുകളിലായി കരിപ്പൂരില്‍ 1.53 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി ഒരു കോടി 53 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തവനൂര്‍ സ്വദേശി അന്‍വര്‍ സാദത്ത്, കോട്ടക്കല്‍ സ്വദേശി ഷാഹിര്‍ ഷാഹിഫാന്‍, വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

 

ജിദ്ദയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ അന്‍വര്‍ സാദത്തില്‍ നിന്ന് 1,062 ഗ്രാം സ്വര്‍ണവും അബ്ദുള്‍ കബീറില്‍ നിന്ന് 844 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കോട്ടക്കല്‍ സ്വദേശി ഷാഹിറിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 870 ഗ്രാം സ്വര്‍ണവും, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ മുഹമ്മദ് ഫാസിലില്‍ നിന്ന് 626 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

 

വസ്ത്രത്തിനുള്ളില്‍ തേച്ചുപിടിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതം വിമാനത്താവളത്തിന് പുറത്ത് വച്ചും പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച്‌ പുറത്ത് കടന്ന രണ്ട് ആളുകളെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങാനെത്തിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി സിദ്ധീഖ്, മലപ്പുറം കാവനൂര്‍ സ്വദേശി സൈതലവി എന്നിവരെയാണ് പോലീസ് പിടികൂടിയത്. വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയില്‍ കാണപ്പെട്ട മുക്കാല്‍ കോടിയോളം രൂപ വിലവരുന്ന സ്വര്‍ണവുമായാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

 

ദുബായില്‍ നിന്ന് കഴിഞ്ഞദിവസം രാവിലെയാണ് ഇവര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്ന് ആദ്യം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത് സിദ്ദിഖ് ആയിരുന്നു. സിദ്ദിഖിനെകസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കടത്ത് സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ട് പരിസരത്ത് കൊടുവള്ളി സ്വദേശി ഷറഫുദ്ദീന്‍ കാത്തുനില്‍പ്പൂണ്ടെന്ന് അറിഞ്ഞത്.

തുടര്‍ന്ന് ഷറഫുദ്ദീനെയും പോലീസ് കുടുക്കുകയായിരുന്നു. ഷറഫുദ്ദീനെ ചോദ്യം ചെയ്തതോടെ രണ്ടാമത്തെ യാത്രക്കാരന്റെ വിവരങ്ങള്‍ പോലീസിന് കിട്ടി. തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന സൈതലവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാന്റിന് അകത്തും സോക്സിലും ആയിരുന്നു സ്വര്‍ണ മിശ്രിതം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!