പരപ്പനങ്ങാടിയിൽ കോടതി സമുച്ചയമൊരുങ്ങുന്നു; ശിലാസ്ഥാപനം ശനിയാഴ്ച
പരപ്പനങ്ങാടി: ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യവും വിശാലതയുമുള്ള കോടതി കെട്ടിടസമുച്ചയം പരപ്പനങ്ങാടിയിൽ ഒരുങ്ങുന്നു. 25.57 കോടി ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. താഴെ നിലയുൾപ്പെടെ അഞ്ച് നിലകളിലാണ് കെട്ടിടം നിർമ്മിക്കുന്നത്. താഴെ നിലയിൽ വാഹന പാർക്കിങിന് സൗകര്യമൊരുക്കും. മറ്റു നാലുനിലകളിലായി രണ്ടു മജിസ്‌ട്രേറ്റ് കോടതികൾ, മുൻഷിഫ് കോടതി, കുടുംബ കോടതി എന്നിങ്ങനെയാണ് സജ്ജീകരിക്കുക.
പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തിക്കൊണ്ട് നൂതനമായ രൂപത്തിലുള്ള നിർമ്മാണ പ്രവൃത്തികളാണ് പ്ലാൻ പ്രകാരം ആസൂത്രണം ചെയ്തിട്ടുള്ളത്. കോടതി വളപ്പിലെ അത്യാവശ്യ മരങ്ങൾ നിലനിർത്തും. നിർമ്മാണത്തിന് വേണ്ടി പഴയ ചെറിയ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ‘നിർമ്മാൺ’ കൺസ്ട്രക്ഷനാണ് നിർമാണ ചുമതല. നിലവിലുള്ള പഴയ കെട്ടിടങ്ങൾ പഴമനിലനിർത്തി സംരക്ഷിക്കും. മുൻഷിഫ് കോടതി കെട്ടിടത്തിൻറെ പിൻവശത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ഇവിടെ മുൻഷിഫായിരിക്കുന്ന സമയത്തായിരുന്നു ഒ. ചന്തുമേനോൻ ‘ഇന്ദുലേഖ’ നോവൽ രചിച്ചത്. നേരത്തെ മുൻ മന്ത്രി പി.കെ. അബ്ദുറബ്ബാണ് പദ്ധതിക്കായി നിരവധി തവണ പ്രൊപ്പോസലുകൾ സർക്കാരിൽ നൽകിയിരുന്നത്. വിവിധ കാരണങ്ങളാൽ നിരവധി തവണ മടക്കിയിരുന്നു. തുടർന്ന് കെ.പി.എ മജീദ് എം.എൽ.എ അഭിഭാഷകർ മുഖേന ഹൈക്കോടതിയെ സമീപിച്ചതോടെ, ഹൈക്കോടതി അംഗീകരിച്ച അടങ്കലും പ്ലാനും അടങ്ങിയ പ്രൊപ്പോസൽ പ്രകാരമാണ് 25.57 കോടി രൂപ ഭരണാനുമതി ലഭിച്ചത്.
കെട്ടിടസമുച്ചയ നിർമാണ പ്രവൃത്തികളുടെ ഭാഗമായുള്ള ശിലാസ്ഥാപനം ശനിയാഴ്ച ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് എൻ. നാഗരേഷ് നിർവഹിക്കും. ചടങ്ങിൽ കെ.പി.എ. മജീദ് എം.എൽ.എ, സ്പെഷ്യൽ ജഡ്‌ജ് ഫാത്തിമ ബീവി, നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ സംബന്ധിക്കും.
പത്ര സമ്മേളനത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വനജ വള്ളിയിൽ, സെക്രട്ടറി അഡ്വ. മുഹമ്മദ് ഹനീഫ, അംഗങ്ങളായ അഡ്വ. വാസുദേവൻ, അഡ്വ. ദാവൂദ്, കെ.കെ. സുനിൽകുമാർ, അഡ്വ. ഹാരിഫ്, കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, പി.വി. റാഷിദ്, ടി.ടി. കുഞ്ഞഹമ്മദ് എന്നിവർ പങ്കെടുത്തു.
