പരപ്പനങ്ങാടിയിൽ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്ന യുവാവ് അറസ്റ്റിൽ
പരപ്പനങ്ങാടി : ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്ന യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒതുക്കുങ്ങൽ തെക്കരകത്ത് അബ്ദുൽ റസാക്ക് (34) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ 20 ന് രാത്രിയിലാണ് പരപ്പനങ്ങാടിയിലെ
അപ്പൂസ് ഡ്രൈവിംഗ് സ്കൂളിൽ നിന്നും ഇയാൾ പണം കവർന്നത്.
മൂന്നു വാഹനത്തിന്റെ ടാക്സ് അടയ്ക്കുന്നതിനായി ഏൽപ്പിച്ച തുക സ്ഥാപനത്തിൽ വെച്ച് ഉടമ പൂട്ടിപ്പോയതായിരുന്നു. ഇയാൾ ആയുധം ഉപയോഗിച്ച് കുത്തി തുറന്ന് അകത്ത് കടന്നാണ് പണം അപഹരിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച് കിട്ടുന്ന പണമുപയോഗിച്ച് ചെന്നൈ,കോയമ്പത്തൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലായി ആർഭാടജീവിതം നയിക്കുന്ന ആളാണ്.
ഇയാൾക്കെതിരെ സമാന കുറ്റകൃത്യത്തിന് മലപ്പുറം, നിലമ്പൂർ, കോട്ടക്കൽ, തൃശ്ശൂർ ഈസ്റ്റ്, ഹേമാംബിക നഗർ സ്റ്റേഷനിലും കേസുകളുണ്ട്. നാട്ടിൽ പോകാതെ സ്ഥിരമായി മോഷണവുമായി കഴിയുകയാണ് പതിവ്. ദിവസങ്ങൾക്ക് മുമ്പാണ് മോഷണത്തിനായി പരപ്പനങ്ങാടിയിൽ വന്നത്. പോത്തിനെ പരിപാലിക്കുന്ന ജോലിചെയ്യുന്നു എന്ന വ്യാജേന പരപ്പനങ്ങാടിയിൽ തുടരുകയായിരുന്നു.
പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കളവുകൾ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശാനുസരണം താനൂർ ഡി.വൈ.എസ്പി വി.വി. ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.യു.അരുൺ, അബൂബക്കർ കോയ,, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
