24 മണിക്കൂറിനിടെ മരിച്ചത് 17 രോഗികള്‍; താനെ മുനിസിപ്പല്‍ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിലെ താനെ മുനിസിപ്പല്‍ ആശുപത്രിയിലെ കൂട്ടമരണത്തില്‍ കോര്‍പ്പറേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 17 രോഗികള്‍ മരിച്ചത്. പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് മരിച്ചത്.
മരിച്ചവരില്‍ ആറ് പേര്‍ താനെ നഗരത്തില്‍നിന്നുള്ളവരും, നാല് പേര്‍ കല്യാണില്‍ നിന്നും മൂന്ന് പേര്‍ സഹാപൂരില്‍ നിന്നും ഭിവണ്ടി, ഉല്ലാസ്‌നഗര്‍, ഗോവണ്ടി എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരുമാണ് മരിച്ചത്. ഒരു രോഗിയെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ 12 പേര്‍ 50 വയസിനു മുകളിലുള്ളവരാണ്.
ഗര്‍ഭിണികള്‍ ഉള്‍പ്പെടെയാണ് മരണപെട്ടത്. ഇത്രയധികം രോഗികള്‍ മരിച്ചത് ചികിത്സാ പിഴവുമൂലമാണെന്ന് ആരോപിച്ച് ആളുകള്‍ പ്രതിഷേധിച്ചതോടെ ആശുപത്രിക്ക് പൊലീസ് സുരക്ഷ ഒരുക്കി.
