നെടുമ്പാശ്ശേരി വഴി കടത്തിയ ഒരു കിലോയിലധികം സ്വർണം അരീക്കോട്ടുവെച്ച് പോലീസ് പിടികൂടി.
ദോഹയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളംവഴി കടത്തിയ ഒരു കിലോയിലധികം സ്വർണം അരീക്കോട്ടുവെച്ച് പോലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഈ സ്വർണത്തിന് 63 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. സ്വർണം കടത്തിയ യാത്രക്കാരനെയും സ്വർണവുമായി വന്ന മറ്റു മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച കാർ, സ്വർണം കടത്തിയ ആൾക്ക് നൽകാൻ സൂക്ഷിച്ച ഒരു ലക്ഷം രൂപ എന്നിവയും പിടികൂടി.
കോഴിക്കോട് കൊടിയത്തൂർ സ്വദേശി അഷ്റഫ് (56), സ്വർണം കൈപ്പറ്റിയ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മിദ്‌ലാജ് (23), നിഷാദ് (36), ഫാസിൽ (40) എന്നിവരാണ് 1,063 ഗ്രാം സ്വർണവുമായി പിടിയിലായത്. നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് അഷ്റഫ് കടത്തിയത്. കടത്തുസ്വർണ്ണം കൈപ്പറ്റി അഷ്റഫിനേയും കുടുംബത്തേയും കാറിൽ കൊടുവള്ളിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇവർ പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ ദോഹയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ നെടുമ്പാശ്ശേരിയിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം എട്ടരയ്ക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ അഷ്റഫിൽനിന്ന് സ്വർണം ഏറ്റുവാങ്ങി കൊടുവള്ളിയിലേക്ക് പോവുന്നുണ്ടെന്നുള്ള രഹസ്യവിവരം മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരീക്കോട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ചോദ്യംചെയ്യലിൽ അഷ്റഫും കാറിലുള്ളവരും സ്വർണമുണ്ടെന്ന കാര്യം നിഷേധിച്ചു. ലഗ്വേജുകൾ തുറന്ന് പരിശോധിച്ചിട്ടും സ്വർണം കണ്ടെത്താനായില്ല. കാറിന്റെ മുൻഭാഗത്ത് വിദഗ്ദമായി ഒളിപ്പിച്ച നിലയിൽ നാല് കാപ്സ്യൂളുകൾ പിന്നീട് കണ്ടെത്തി. അഷ്റഫിനെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വർണക്കടത്തിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കോഴിക്കോട് വിമാനത്താവാളത്തിന് പുറത്ത് പോലീസ് പരിശോധന കർശനമാക്കിയതോടെ കള്ളക്കടത്തുസംഘം നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും ചുവടുമാറ്റിയതായി പോലീസിന് വിവരംലഭിച്ചിരുന്നു. തുടർന്നുള്ള രഹസ്യനീക്കമാണ് ഈ സ്വർണവേട്ടയിലേക്ക് നയിച്ചത്. അരീക്കോട് പോലീസ് ഓഫീസർ എം. അബ്ബാസലി, എസ്.സി.പി.ഒ. ബിന്ദു, സി.പി.ഒ.മാരായ സനൂപ്, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
