ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് പുതിയ ടെണ്ടർ വിളിക്കും; എം.എൽ.എ. യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥറുടെ യോഗം.
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥറുടെ യോഗം ചേർന്നു. 2021 ഫെബ്രുവരിയിൽ നിർമാണോദ്‌ഘാടനം നിർവഹിച്ച പദ്ധതി പ്രവൃത്തി ഇതുവരെ ആരംഭിച്ചിരുന്നില്ല.
സർക്കാറിന്റെ സിൽവർ ലൈൻ പദ്ധതി ഈ നിർമ്മാണത്തെ ബാധിക്കുമെന്നും അതിനാൽ കേരള റെയിൽ ഡെവലപ്പമെന്റ് കോർപ്പറേഷന്റെ അനുമതി ലഭ്യമാക്കണമെന്നും സർക്കാർ ഉത്തരവിറക്കിയത്തിനാലാണ് നിർമ്മാണം നീണ്ടുപോയത്. നിലവിൽ കെ. റെയിലിന്റെ അനുമതിയും, അത് പ്രകാരം വീണ്ടും ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
എന്നാൽ പദ്ധതി വൈകിയതിതോടെ നിർമ്മാണ മേഖലയിൽ വന്ന വിലക്കയറ്റം കാരണം പഴയ കരാർ പ്രകാരം നിർമ്മാണം ആരംഭിക്കാൻ കമ്പനി തയ്യാറായില്ല. ഇതോടെയാണ് എം.എൽ.എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥറുടെ യോഗം ചേർന്നത്.
പദ്ധതിയുടെ നിലവിലെ എസ്ടിമേറ്റ് റിവൈസ് ചെയ്തു പുതിയ ടെണ്ടർ വിളിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനിച്ചു. പരപ്പനങ്ങാടി പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്, നഗരസഭ ചെയർമാൻ എ. ഉസ്മാൻ,
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ സലാം, സ്പെഷ്യൽ ഇൻഫ്രാസ്ട്രച്ചർ ഓഫീസർ എം. സെൻഗുട്ടൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ പ്രൊജക്റ്റ് എഞ്ചിനീയർ അതുൽ ഉണ്ണി, സൈറ്റ് എഞ്ചിനീയർ എസ്. ഗോപി, റീജിയണൽ എഞ്ചിനീയർ ലക്ഷ്മി നാരായണൻ, പി.കെ. ജമാൽ, ടി.കെ നാസർ എന്നിവർ പങ്കെടുത്തു.
