കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടി കുഴല്‍പ്പണവുമായി കോഴിക്കോട് സ്വദേശികളടക്കം 4 പേര്‍ പിടിയില്‍
രേഖകളില്ലാതെ തമിഴ്നാട്ടില്‍ നിന്നും മലബാറിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷറഫുദീന്‍ (37) , നാസര്‍ (42)എന്നിവര്‍ക്കൊപ്പം ചെന്നൈ സ്വദേശി നിസാര്‍ മുഹമ്മദ് (33), മധുര സ്വദേശി എം. വസീം അക്രം(19) എന്നിവരെയാണ് തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് നാലംഗ സംഘത്തെ പിടികൂടിയത്. പതിവു പരിശോധനയ്ക്കിടെ ലോറിയില്‍ നിന്ന് കാറിലേക്ക് സാധനങ്ങള്‍ കയറ്റുന്നത് കണ്ട് പൊലീസ് പരിശോധിക്കുകയായിരുന്നു. എന്താണ് കയറ്റുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അവര്‍ക്ക് വിശദീകരണം നല്‍കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 10 കോടി രൂപ കണ്ടെത്തിയത്.
ദുബായ് ബന്ധമുള്ള കുഴല്‍പ്പണ ഇടപാടാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട്ടില്‍ നിന്ന് മലബാറിലേക്ക് മടങ്ങുകയായിരുന്ന ചരക്ക് ലോറിയിലാണ് ഇവര്‍ പണം കടത്താന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
