സ്വർണ്ണ കടത്ത്; യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍.
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളം വഴി കൊണ്ടുവന്ന 1.37 കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. 3.59 കിലോ സ്വർണമാണ് മൂന്ന് പേരിൽനിന്നായി കണ്ടെടുത്തത്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ ഒരു യുവതി ഉൾപ്പെടെ മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിലായി.
വയനാട് സ്വദേശിനി ബുഷറ (38), മലപ്പുറം സ്വദേശി ജംഷീദ് (32) , കോഴിക്കോട് കക്കാട്ടിൽ അബ്ദുൾ ഷാമിൽ (26) എന്നിവരാണ് സ്വർണം കടത്തിയതിന് പിടിയിലായത്. എയർ കസ്റ്റംസ് കരിപ്പൂർ ബാച്ച് സി. യാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരും പിടിലായത്.
ജിദ്ദയിൽ നിന്ന് വന്ന എസ്ജി 140 വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി ജംഷീദ് എട്ടേപ്പാടനെ വിശദമായി ചോദ്യം ചെയ്തതിന്റെ ഫലമായി 1054 ഗ്രാം തൂക്കമുള്ള സ്വർണ്ണ സംയുക്തം ഇയാളുടെ ആന്തരികാവയവത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്താൻ ശ്രമിച്ചിരുന്നത്. മറ്റൊരു കേസിൽ 4 ചെറിയ കുട്ടികളോടൊപ്പം ജിദ്ദയിൽ നിന്ന് എസ്ജി 140 ഫ്ലൈറ്റിൽ യാത്ര ചെയ്ത വയനാട് സ്വദേശിയായ ബുഷ്റ കീപ്രത്ത് എന്ന യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ വസ്ത്രങ്ങൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ 1077 ഗ്രാം സ്വർണ്ണ സംയുക്തം കണ്ടെടുത്തു.
24 ക്യാരക്റ്റിന്റെ 249 ഗ്രാം ആഭരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. മറ്റൊരു കേസിൽ ഷാർജയിൽ നിന്ന് IX 354 ഫ്ലൈറ്റിൽ എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി അബ്ദുൾ ഷാമിലിനെ പരിശോധിച്ചതിൽ ആന്തരികാവയവത്തിൽ ഒളിപ്പിച്ച നിലയിൽ 3 ഗുളിക രൂപത്തിലുള്ള 3059 ഗ്രാം തൂക്കം വരുന്ന സ്വർണവും പിടികൂടി.
