NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വേങ്ങര പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം : ഉദ്‌ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും

 

അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ( നാളെ) ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 3.30ന് ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും.

കായിക, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനാകും. എം.പി. അബ്ദുസമദ് സമദാനി എം.പി, പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. 45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വേങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നത്.

മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്.

 

എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാന്‍സ് ജെന്‍ഡര്‍, പുരുഷന്‍, സ്ത്രീ തടവുകാരെ താത്ക്കാലികമായി പാര്‍പ്പിക്കുന്നതിന് വെവേറെ ലോക്കപ്പുകളും പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വേങ്ങര മൃഗാശുപത്രിയ്ക്ക് സമീപം 25 സെന്റിലാണ് പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹാര്‍ദ പൊലീസ് സ്റ്റേഷനില്‍ ക്രമസമാധാന പാലനത്തിനായി വനിതകള്‍ ഉള്‍പ്പെടെ 36 ഉദ്യോഗസ്ഥരാണുള്ളത്. 1977ല്‍ കച്ചേരിപ്പടിയിലാണ് വേങ്ങര പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1986ല്‍ സ്റ്റേഷന്‍ നിലവിലെ സ്ഥലത്തെ കെട്ടിടത്തിലേക്ക് മാറ്റി. 2007ല്‍ പഴയ കെട്ടിടം ഉടമ പൊളിക്കുകയും അതിന് സമീപം കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുകയും തുടര്‍ന്ന് സ്റ്റേഷന്റെ പ്രവര്‍ത്തനം അതിലേക്ക് മാറ്റുകയുമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *