പരപ്പനങ്ങാടിയിലെ സ്കൂളുകൾ ഇനി “ക്ലീൻ ഗ്രീൻ ക്യാമ്പസുകൾ”
പരപ്പനങ്ങാടി: നഗരസഭയിലെ മുഴുവൻ സ്കൂളുകളും ക്ലീൻ ഗ്രീൻ ക്യാമ്പസുകളാക്കി മാറ്റുന്നത്തിന്റെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തും.
മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ പഠിപ്പിക്കുന്നതിനുമായി ഓരോ സ്‌കൂളിലേക്കും നാല് പ്രത്യേക ബിന്നുകൾ നൽകി. പ്ലാസ്റ്റിക്, പേന, പെറ്റ് ബോട്ടിൽ, പേപ്പർ എന്നിവ തരം തിരിച്ച് ശേഖരിക്കുന്നതിനാണ് ബിന്നുകൾ നൽകിയിരിക്കുന്നത്.
മാസത്തിൽ ഒരു തവണ ഹരിത കർമ്മ സേന അംഗങ്ങൾ സ്‌കൂളുകളിലെത്തി ബിന്നുകളിൽ നിന്ന് ശേഖരിച്ച് മാലിന്യങ്ങൾ പുന ചംക്രമണത്തിനായി നൽകും.
ബിന്നുകൾ നൽകുന്നതിന്റെ നഗരസഭാതല ഉദ്ഘാടനം ബി.ഇ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ നഗരസഭ ചെയർമാൻ എ. ഉസ്മാൻ നിർവഹിച്ചു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ കെ. ഷഹർബാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.വി. മുസ്തഫ, പൊതുമരാമത്ത് സ്ഥിരംസമിതി ചെയർ പേഴ്സൺ സീനത്ത് ആലിബാപ്പു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മുഹ്സിന,
കൗൺസിലർ ടി.കാർത്തികേയൻ, സ്ക്കൂൾ പ്രിൻസിപ്പാൾ ബിന്ധ്യ, ആരോഗ്യ വിഭാഗം ജീവനക്കാർ, സ്ക്കൂൾ പി.ടി.എ. പ്രസിഡന്റ് നൗഫൽ ഇല്ല്യൻ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു
