NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരള ഒളിമ്പിക്സ് ഗെയിംസിൽ സ്വർണ്ണം നേടി വള്ളിക്കുന്നിന്റെ രണ്ടു യുവതാരങ്ങൾ

വള്ളിക്കുന്ന്:  തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള ഒളിമ്പിക്സ് ഗെയിംസിൽ സ്വർണ്ണം നേടി വള്ളിക്കുന്ന് സ്വദേശികളായ ബാസിൽ മുഹമ്മദും ആവണിയും. ആവണി ബോക്സിങ്ങിൽ 70-75 വെയ്റ്റ് കാറ്റഗറിയിലും  ബേസിൽ മുഹമ്മദ് 110 മീറ്റർ ഹർഡിൽസിലിലുമാണ് സ്വർണ്ണ മെഡൽ നേടിയത്.

നേരത്തെയും ദേശീയതലത്തിൽ നടന്ന മത്സരത്തിലെ മെഡൽ ജേതാവാണ് ഇരുപത്തി രണ്ടുകാരനായ ബാസിൽ മുഹമ്മദ്. കോഴിക്കോട് സ്പോർട്സ് ഇന്ത്യ അതോറിറ്റിയിൽ പരിശീലനം നടത്തിവരുന്ന ബാസിൽ സ്കൂൾ തലത്തിലും, കോളേജ് തലത്തിലുമെല്ലാം നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

വള്ളിക്കുന്ന് അരിയല്ലൂർ നടുക്കണ്ടി നസീറിന്റെയും ജസീനയുടെയും മകനാണ് ബാസിൽ മുഹമ്മദ്. ആമിന ഹന്ന, ആയിശ ഹിബ എന്നിവർ സഹോദരികളാണ്. കോഴിക്കോട്ട് ഗുരുവായുരപ്പൻ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി വള്ളിക്കുന്ന് കുറിയപ്പാടം സ്വദേശി ആവണി അന്താരാഷ്ട്ര മാർഷ്യൽ ആർട്സ് ടൂർണ്ണമെന്റിൽ രണ്ടുതവണ രണ്ടാംസ്ഥാനവും സംസ്ഥാന അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിലും യൂണിവേഴ്സിറ്റി ഇന്റർസോൺ ബോക്സിങ്ങിലും രണ്ടുതവണ മെഡൽ നേടിയിട്ടുണ്ട്.

ചാത്തനംകണ്ടത്തിൽ പ്രദീപിന്റെയും പ്രജിതയുടെയും മകളാണ് ആവണി. രൂപൽ കൃഷ്‌ണ, ദർഷൽ എന്നിവർ സഹോദരങ്ങളാണ്.  വള്ളിക്കുന്ന് ഷോട്ടോ ഡ്രാഗൺ മാർഷ്യൽ ആർട്സ് അക്കാഡമിയിൽ നിന്നാണ് ആവണി ബോക്സിങ്ങിൽ പരിശീലനം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *