റിസോര്‍ട്ട് ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ആലപ്പുഴയിലെ മാരാരിക്കുളത്ത് റിസോര്‍ട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. തൃശൂര്‍ കീഴേ പള്ളിക്കര പോഴത്ത് വീട്ടില്‍ എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂര്‍ വീട്ടില്‍ കെ എബി (19), ചാവക്കാട് പുത്തന്‍പുരയില്‍ ഹൗസില്‍ എസ് അജ്മല്‍ (20), വേലൂര്‍ കിരാലൂര്‍ വാവറൂട്ടി ഹൗസില്‍ എം ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി ഹൗസില്‍ റൊണാള്‍ഡോ വില്യംസ് (21) എന്നിവരാണ് അറസ്റ്റിലായത്.
ഹണിട്രാപ്പിന് സമാനമായ രീതിയിലൂടെ റിസോര്‍ട്ടുടമയില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വായ്പ തേടുകയായിരുന്നുന്ന് റിസോര്‍ട്ടുടമ തൃശൂരിലെ ഒരു യുവതിയെ പരിചയപ്പെടുകയായിരുന്നു. യുവതിയുടെ ആവശ്യപ്രകാരം തൃശൂരിലെ ലോഡ്ജ് മുറിയിലെത്തിയ റിസോര്‍ട്ട് ഉടമയെ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
റിസോര്‍ട്ടുടമയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇയാളെ ചെറുതുരുത്തിക്ക് സമീപം ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തടവിലാക്കിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. കേസില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ബാക്കിയുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. അതേസമയം പ്രധാന പ്രതികളായ ചാവക്കാട് സ്വദേശിയും തൃശൂര്‍ സ്വദേശിനിയും ഒളിവിലാണ്.
