NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെട്രോള്‍ വില ലിറ്ററിന് 10 രൂപ കുറച്ച് പഞ്ചാബ്

ചണ്ഡിഗഢ്: പെട്രോളിനും ഡീസലിനും വില കുറച്ച് പഞ്ചാബ്. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് പഞ്ചാബ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.

70 വര്‍ഷത്തിന് ശേഷമാണ് ഇന്ധന വില കുറയ്ക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞത്. അതേസമയം, അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചന്നിയുടെ നീക്കം എന്നാണ് ആരോപണമുയരുന്നത്.

‘ദല്‍ഹിയേക്കാളും കുറഞ്ഞ വിലയില്‍ ഇനി പഞ്ചാബില്‍ പെട്രോള്‍ ലഭിക്കും. ദല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ 9 രൂപയാണ് ഇവിടെ പെട്രോളിന് കുറവ്,’ ചന്നി പറയുന്നു.

നിലവില്‍ പെട്രോളിന് 96.16 രൂപയും ഡീസലിന് 84.80 രൂപയാണ് പഞ്ചാബില്‍ ഇന്ധന വില. ദല്‍ഹി, യു.പി, ഹരിയാന, രാജസ്ഥാന്‍ ജമ്മുകശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇന്ധന വില പഞ്ചാബിനേക്കാള്‍ കൂടുതലാണ്.

കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെയാണ് പഞ്ചാബും പെട്രോള്‍-ഡീസല്‍ വില കുറച്ചിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചത്. ഇതോടെ പെട്രോളിന് 5ഉം ഡീസലിന് 10ഉം രൂപയായിരുന്നു കുറഞ്ഞത്. എന്നാല്‍ അടുത്ത് നടക്കാനിരിത്തുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ബി.ജെ.പി ഇന്ധന നികുതി കുറച്ചതെന്നാണ് ആരോപണമുയരുന്നത്.

കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ, യു.പി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍ വില കുറച്ചിരുന്നു. അതേസമയം, മുന്‍ യു.പി.എ സര്‍ക്കാരിന് തുല്യമായി പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ആവശ്യപ്പെടുന്നത്. അധികാരത്തിലേറിയ മോദി പെട്രോളിന് 30 രൂപയിലധികം കൂട്ടിയ ശേഷമാണ് 5 രൂപ കുറച്ചതെന്നും ഭാഗേല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *