NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിനോദസഞ്ചാര ബോട്ടുകൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി

 

ബക്രീദ് അവധിക്കാലത്തെ തിരക്കും കാലവർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് വിനോദസഞ്ചാര ബോട്ടുകൾക്ക് ബേപ്പൂർ പോർട്ട് ഓഫീസർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന സമയങ്ങളിലും ജലാശയങ്ങളിൽ ഒഴുക്ക് ശക്തിപ്പെടുന്ന അവസരങ്ങളിലും സുരക്ഷിതമായ ബോട്ട് സർവീസ് ഉറപ്പാക്കാൻ എല്ലാ ബോട്ടുടമകളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

സുരക്ഷ മുൻനിർത്തി ബോട്ടുടമകളും ജീവനക്കാരും നിബന്ധനകൾ കർശനമായി പാലിക്കണം.

* കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതോ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയടക്കമുള്ള നിയമാനുസൃത രേഖകൾ ഇല്ലാത്തതോ ആയ ബോട്ടുകൾ സർവീസ് നടത്താൻ പാടില്ല.

* ബോട്ടിലുള്ള എല്ലാ യാത്രക്കാരും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന് ബോട്ട് ജീവനക്കാർ ഉറപ്പുവരുത്തണം.

* മതിയായ യോഗ്യതയും ലൈസൻസുമുള്ള ജീവനക്കാർ മാത്രമേ ജലയാനങ്ങൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ.

* ഓരോ ബോട്ടിലും നിശ്ചയിച്ചിട്ടുള്ള എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റരുത്. അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും സഞ്ചാരികൾക്ക് കാണാൻ പാകത്തിൽ ബോട്ടിൽ പ്രദർശിപ്പിക്കണം.

* ഓരോ സർവീസിനും മുൻപായി ജലവാഹനത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും ജീവനക്കാർ പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

* അനുവദിക്കപ്പെട്ടിട്ടുള്ള പ്രത്യേക സോണുകളിൽ മാത്രമേ ബോട്ടുകൾ സർവീസ് നടത്താവൂ.

* റെഡ്, ഓറഞ്ച് അലർട്ടുകൾ നിലവിലുള്ളപ്പോഴോ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുന്ന സാഹചര്യങ്ങളിലോ സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കണം.

മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ജലവാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. മതിയായ സുരക്ഷയില്ലാതെയും പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയും സർവീസ് നടത്തുന്ന ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം. ഫോൺ 0495 – 2414039.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!