ലൈസൻസിനായി 10,000 രൂപ; നഗരസഭയിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറും വാച്ച്മാനും പിടിയിൽ..!
ആയുർവേദ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ പി.വി. സതീഷിനെയാണ് വിജിലൻസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
നഗരസഭയിലെ താൽക്കാലിക വാച്ച്മാൻ ശിഹാബുദ്ദീനെ വിജിലൻസ് ഒരുക്കിയ കെണിയിൽ കുടുക്കിയതിന് പിന്നാലെയാണ് സതീഷിനെ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.
കന്മനം സ്വദേശി തിരൂർ നഗരസഭയിൽ ആരംഭിച്ച ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് നൽകുന്നതിനായി 10,000 രൂപയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുക വാച്ച്മാൻ ശിഹാബുദ്ദീൻ വഴി കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു.
പണം വാങ്ങുന്നതിനിടെ പിടിയിലായ ശിഹാബുദ്ദീനെ ചോദ്യം ചെയ്തപ്പോഴാണ് ഹെൽത്ത് ഇൻസ്‌പെക്ടറുടെ പങ്ക് വ്യക്തമായത്. തുടർന്ന് ചൊവ്വാഴ്ച നഗരസഭാ ഓഫീസിലെത്തിയ വിജിലൻസ് സംഘം സതീഷിനെ കസ്റ്റഡിയിലെടുത്തു.
പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
