ഡ്രൈവർമാർ അടക്കമുള്ള ജീവനക്കാർ ലഹരി ഉപയോഗിക്കുന്നെന്ന്; സ്വകാര്യ ബസ്സുകളിൽ മിന്നൽ പരിശോധന..!
സ്വകാര്യ ബസുകളിലെ ജീവനക്കാർക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ വ്യാപകമാവുന്നു. ജീവനക്കാർ ലഹരി ഉപയോഗിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വന്നതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്, എക്സൈസ് വിഭാഗം എന്നിവർ സംയുക്തമായി പരിശോധന നടത്തി.
പെരിന്തൽമണ്ണയിൽ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടുനിന്നു. പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലും ഹൈവേ റോഡുകളിലുമായിരുന്നു പ്രധാനമായും പരിശോധന നടന്നത്.
ഡ്രൈവർമാർക്ക് ഇടയിലും മറ്റ് ജീവനക്കാർക്കിടയിലും ലഹരി ഉപയോഗം വ്യാപകമാകുന്നതായുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു സംയുക്ത നീക്കം നടത്തിയത്. പരിശോധനയുടെ പൂർണ്ണ വിവരങ്ങൾ വൈകാതെ പുറത്ത് വരും. ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും.
കാരുണ്യ യാത്രയുടെ പേരില്‍ പണം പിരിച്ച് ഡ്രൈവര്‍ എംഡിഎംഎ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ലഹരി ഉപയോഗം കണ്ടെത്തിയാല്‍ ഇതുവരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു എന്നുണ്ടെങ്കില്‍ ഇനിമുതല്‍ റദ്ദാക്കും. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ആയിരിക്കും കര്‍ശന നടപടിയിലേക്ക് കടക്കുക. കണ്ടക്ടര്‍മാരില്‍ പലര്‍ക്കും ലൈസന്‍സ് ഇല്ലെന്നും ജീവനക്കാര്‍ കഞ്ചാവ് ഉപയോഗിച്ചാണ് ബസ്സില്‍ കയറുന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് ജീവനക്കാരുടെ വാട്‌സാപ്പില്‍ നിന്നുതന്നെ ചോര്‍ന്നത്.
