‘മുസ്‌ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ ഭരിക്കുന്നു, ഇടതുപക്ഷ സർക്കാർ ലീഗിന് മുന്നിൽ മുട്ടിലിഴന്നു’; മുസ്‌ലിം വിരുദ്ധ പരാർശം തുടർന്ന് വെള്ളാപ്പളളി നടേശൻ


മുസ്‌ലിം ലീഗിനെതിരെ വീണ്ടും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇടതുപക്ഷ സർക്കാർ പോലും മുസ്‌ലിം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണ്. മതപണ്ഡിതന്മാർ ആണ് കൊടുവാളുമായി ഇറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സിഎച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങൾ കഴിഞ്ഞപ്പോൾ കേരളം അവർ ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിരുന്നു വന്നവർ വീട്ടുകാരും വീട്ടുകാർ പുറമ്പോക്കിലുമായെന്നും മുസ്‌ലിം ലീഗിനെ ലക്ഷ്യംവെച്ച് വെള്ളാപ്പള്ളി പറഞ്ഞു.
മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ല. മുസ്‌ലിം സമുദായം എന്തെങ്കിലും പറഞ്ഞാൽ ഇവർ മിണ്ടുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരള കോൺഗ്രസ് പറഞ്ഞാലും ഇവർ മിണ്ടില്ല. അവർക്കെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സാമുദായിക സർവ്വേ എടുക്കുമ്പോൾ സാമ്പത്തിക സർവ്വേ കൂടി വേണം. അടുത്ത തിരഞ്ഞെടുപ്പുകളിൽ ഏത് പാർട്ടിയിൽ ഉള്ളവർ ആയാലും പരമാവധി ഈഴവരെ അധികാരത്തിൽ എത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ആലുവ യൂണിയൻ സംഘടിപ്പിച്ച ശാഖ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്.
കഴിഞ്ഞ ദിവസം കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വർഷം വേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിൽ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
വെള്ളാപ്പള്ളിയുടെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. മതവൈരം ഉണ്ടാക്കുന്ന തരത്തിൽ പ്രശ്നങ്ങൾ അവതരിപ്പക്കരുതെന്ന് സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.