NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്ന് നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു.

വള്ളിക്കുന്ന്: മലബാറിലെ പ്രശസ്തമായ നെറുംകൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി.
ആയിരക്കണക്കിന് ആളുകളാണ് ഉത്സവം കാണാനെത്തിയത്. പുലർച്ചെ തന്നെ കോഴിക്കോട് – മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ എത്തിയിരുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും കൈകോർത്ത് മഹോത്സവം വർണ്ണാഭമാക്കി. പുലർച്ചെ നടതുറന്ന് ഉച്ചയ്ക്ക് നട അടക്കുംവരെ വിശേഷാൽ പൂജകളും ദർശനവും നടന്നു.
ഉച്ചയ്ക്ക് ശേഷം പഞ്ചാരിമേളത്തോടെയുള്ള കാഴ്ച ശിവേലിക്ക് ഗജവീരൻ ഭഗവതിയുടെ തിടമ്പേറ്റി. വൈകീട്ട് ഏഴുമണിയോടെ നടന്ന മഹാഗുരുതി ദർപ്പണം ദർശിക്കാനും വൻതിരക്കാണ് അനുഭവപ്പെട്ടത്. രാവിലെയും വൈകീട്ടും ഗുരുതിക്ക് ശേഷവും നടന്ന വെടിക്കെട്ട് കൗതുക കാഴ്ച്‌ചയായി.
സഹോദരിയെ കാണാൻ വർഷത്തിലൊരിക്കൽ എഴുന്നള്ളുന്ന മേക്കോട്ട ഭഗവതിയെ നാരീജനങ്ങൾ താലപ്പൊലിയുമായി വരവേൽക്കുന്നതാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്. ദേവസ്വവും ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്നാണ് ഉത്സവം നടത്തുന്നത്. രാത്രി നടന്ന സാംസ്കാരിക സമ്മേളനം വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ഉദ്ഘാടനം ചെയ്തു. സാമൂതിരി രാജ ലീഗൽ അഡ്വൈസർ  ടി.ആർ.രാമവർമ്മ ഭദ്രദീപം തെളിയിച്ചു.
പി. ഹൃഷികേശ് കുമാർ അധ്യക്ഷത വഹിച്ചു. ദേവകിയമ്മ ട്രസ്റ്റി എം. നാരായണൻ, ഒ. രാധാകൃഷ്ണൻ, പി. മോഹൻദാസ്, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ സംഗമേഷ് വർമ്മ എന്നിവർ സംസാരിച്ചു.
സി.ടി. അബൂബക്കർ ഹാജി,  മൂക്കംപറമ്പത്ത് പ്രേമദാസൻ, എ.പി. മഹേന്ദ്രൻ എന്നിവരെ
ചടങ്ങിൽ ആദരിച്ചു.
ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന താലപ്പൊലിയോട്ടവും ശ്രദ്ധേയമായി. താലപ്പൊലി പറമ്പിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരമുള്ള ക്ഷേത്രത്തിലേക്ക് താലപ്പൊലി എടുത്ത് സ്ത്രീകൾ ഓടിയാണെത്തുന്നത്. അത്താഴപൂജയ്ക്ക് ശേഷം ക്ഷേത്ര നടപ്പന്തലിൽ ഇരട്ടതായമ്പകയും നടന്നു. സന്ധ്യാവേലക്ക് ശേഷം മേക്കോട്ട ഭഗവതി താലപ്പൊലി പറമ്പിൽ കുടിയിരിക്കുന്ന സഹോദരിയെ കാണാൻ പുറത്തേക്ക് എഴുന്നള്ളും.
താലപ്പൊലി പറമ്പിൽ വെച്ച് നാരീജനങ്ങൾ ദേവിയെ താലപ്പൊലിയുമായി വരവേൽക്കുന്നു. സമാഗമം മംഗളകരമായി എന്ന് വിളിച്ചറിയിച്ചു കൊണ്ട് വെളിച്ചപ്പാട് അരി എറിയുന്നു. കൂടിക്കാഴ്ചക്ക് ശേഷം സ്ത്രീ ജനങ്ങൾ താലപ്പൊലിയുമായി ക്ഷേത്രത്തിലെ ക്ക് തിരിച്ചെത്തി.
പിന്നാലെ എഴുന്നള്ളുന്ന ദേവിയെ ക്ഷേത്രത്തിന് സമീപം വെച്ച് പാണ്ടിമേളത്തോടെ എതിരേറ്റു. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം വെടിക്കെട്ട് നടന്നു. അവസാനമായി കളംപാട്ടിന്റെ ചടങ്ങുകളോടെ താലപ്പൊലി ചടങ്ങുകൾ സമാപിച്ചു. അഞ്ചു ദിവസത്തേക്ക് ക്ഷേത്രം അടക്കും. ശേഷം ഏഴാം പുണ്യാഹത്തിനായി മാർച്ച് മുപ്പതിന് മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ നട തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *