NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം കാൻസർ ചികിത്സാ സഹായ നിധിയിലേക്ക് നൽകി;  ആറാം ക്ലാസ് വിദ്യാർഥി മാതൃകയായി. 

പരപ്പനങ്ങാടി : സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച പണം കാൻസർ ചികിത്സാ സഹായനിധിയിലേക്ക് നൽകി വിദ്യാർഥി മാതൃകയായി. പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി ശ്രീഹരിയാണ് തന്റെ സമ്പാദ്യപ്പെട്ടിയിലെ കരുതൽ ശേഖരം ചികിത്സാ നിധിയിലേക്ക് നൽകിയത്.

 

പരപ്പനങ്ങാടി എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാലത്തിങ്ങൽ സ്വദേശി കോലാപ്പടി ഫിറോസിന്റെ കാൻസർ ചികിത്സാ സഹായനിധിയിലേക്കാണ് ശ്രീഹരി തന്റെ സമ്പാദ്യം നൽകിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫിറോസിന് വേണ്ടി പാലത്തിങ്ങൽ മഹല്ലിന്റെ നേതൃത്വത്തിൽ പ്രദേശത്തെ സന്നദ്ധ സംഘടനകൾ പണം സ്വരൂപിക്കുന്നുണ്ട്.

 

അച്ഛൻ സുരേഷ് ബാബു അംഗമായ പാസ്സ് പാലത്തിങ്ങൽ ക്ലബ്ബിന്റെ വാട്സാപ് ഗ്രൂപ്പുവഴിയാണ് ശ്രീഹരി ഫിറോസിന്റെ കാൻസർ ചികിത്സാ സഹായനിധിയെ കുറിച്ചറിയുന്നത്. പിന്നെ ശ്രീഹരിയുടെ കുഞ്ഞുമനസ്സിൽ തോന്നിയ അലിവ് സൈക്കിൾ പിന്നീടാവാമെന്ന ചിന്തയിലെത്തി. തന്റെ ആവശ്യം അറിയിച്ചതോടെ മാതാപിതാക്കളും മകന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു.

 

അച്ഛൻ സുരേഷ് ബാബുവിനൊപ്പം ശ്രീഹരി തനിക്ക് സൈക്കിൾവാങ്ങാൻ സ്വരൂപിച്ച പണം പാസ്സ് പാലത്തിങ്ങൽ ക്ലബ്ബ് മുഖേന ധനസഹായ കമ്മിറ്റി ചെയർമാൻ എം.അഹമ്മദ് കുട്ടി ബാഖവിക്ക് കൈമാറി. കൺവീനർ മുബശിർ കുണ്ടാണത്ത്, ട്രഷറർ വി.പി. സുബൈർ, കരീംഹാജി മൂഴിക്കൽ, വി.പി. അബ്ദുൽ ഹമീദ്, ഹനീഫ കുന്നുമ്മൽ, സി.സി. അബ്ദുൽ ഹഖീം, കെ.കെ.സമദ്, സി.ടി. സിദ്ധീഖ്, കെ.പി.സഹൽ, എം. റംഷാദ്,  പി.കെ. താഹിർ, റഷീദ് മടപ്പള്ളി, വി.പി. നിസാർ, എം. സിദ്ധീഖ്, ബഷീർ കുട്ടശ്ശേരി, സി. യൂസുഫ്, വി.പി. മുജീബ് എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed