പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; 109 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായ പീഡിപ്പിച്ച പ്രതിയ്ക്ക് 109 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടന്‍ അബ്ദുള്‍ റഷീദിനാണ് മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2022 ആഗസ്റ്റ് മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലായിരുന്നു പ്രതി പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ കടയിലേക്കെന്നു വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി നെല്ലിക്കുത്ത് അങ്കണവാടി പരിസരത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി അദ്ധ്യാപികയോട് വിവരം പങ്കുവച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വന്നത്. ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി പൊലീസ് കേസെടുത്തു.
അബ്ദുള്‍ റഷീദിന് രണ്ട് ഭാര്യമാരുണ്ട്. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഫലത്തില്‍ പ്രതി 30 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. പോക്സോ ആക്ടിലെ അഞ്ച്(എം), അഞ്ച്(എന്‍), അഞ്ച്(എല്‍) എന്നീ മൂന്നു വകുപ്പുകളിലായി 30 വര്‍ഷം വീതം കഠിനതടവ്, 25000 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടയ്ക്കാത്ത പക്ഷം ഓരോ വകുപ്പിലും നാലുമാസം വീതം അധികതടവനുഭവിക്കണം.
