NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂരിലെ കസ്റ്റഡി മരണം: കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് താനൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രമേയം

താനൂരിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പങ്കുള്ള മുഴുവൻ പൊലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം. ബ്ലോക്ക് പഞ്ചായത്തംഗം വി. കെ. എ. ജലീലാണ് പ്രമേയം അവതരിപ്പിച്ചത്.

കുറ്റക്കാർക്കെതിരെ കർശന നടപടിവേണം. തിരൂരങ്ങാടിയിലെ ചെമ്മാട് സ്വദേശി താമിർ ജിഫ്രിയാണ് താനൂർ പോലീസിന്റെ കസ്റ്റഡിയിൽ മരണപ്പെട്ടത്. കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകാതെ മറ്റൊരു രഹസ്യ കേന്ദ്രത്തിൽ കൊണ്ടുപോയി എന്നത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. ക്രൂരമർദ്ദനത്തെ തുടർന്നാവണം യുവാവ് സ്റ്റേഷനിൽ കുഴഞ്ഞു വീണിട്ടുണ്ടാവുക. മൃതദേഹം ബന്ധുക്കൾക്ക് കാണിക്കാൻ വൈകിയത് സംഭവത്തിലെ ദുരൂഹതയും അലംഭാവവും വ്യക്തമാക്കുന്നുണ്ട്.
സബ് ഇൻസ്പെക്ടർ ഉൾപ്പെടെ എട്ടുപോലീസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തതിലൂടെ മരണത്തിലെ പോലീസുകാരുടെ പങ്ക് വ്യക്തമാകുന്നുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം. കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി മർദ്ദിക്കുന്ന പോലീസിന്റെ രീതി മാറണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. കുറ്റക്കാരായ മുഴുവൻ പോലീസുകാർക്കെതിരെയും ക്രിമിനൽ കേസെടുത്ത് ജയിലിലടക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ ടി. നിയാസ് പ്രമേയത്തെ പിന്താങ്ങി.
ഭരണ സമിതി യോഗത്തിൽ പ്രസിഡൻറ് കെ സൽമത്ത്  അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് പി.സി. അഷ്റഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആബിദ ഫൈസൽ, നിറമരുതൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഇസ്മയിൽ പുതുശ്ശേരി, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷംസിയ സുബൈർ , താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  എൻ. വി. നിധിൻദാസ്,  സാജിദ നാസർ, ചേനത്ത് സൈനബ എന്നിവർ പ്രമേയത്തെ അനുകൂലിച്ചു പ്രസംഗിച്ചു. സി.പി എം അംഗങ്ങളായ വി. കാദർകുട്ടി, പി.നാസർ, പ്രേമ എന്നിവർ പ്രമേയത്തെ എതിർത്ത് വിയോജനകുറിപ്പ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *