ഹരിയാന സംഘർഷം; ഇന്റർനെറ്റ് വിലക്ക് ഈ മാസം അഞ്ച് വരെ നീട്ടി
ചണ്ഡീഗഡ്: ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഹരിയാനയിലെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് വിലക്ക് ഈ മാസം അഞ്ച് വരെ നീട്ടി. നൂഹ്, ഫരീദാബാദ്, പൽവാൽ, സോഹ്ന, പട്ടൗഡി, മനേസർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് വിലക്ക് തുടരുക. നൂഹിലും സമീപ പ്രദേശങ്ങളിലും കേന്ദ്ര സേനയുടെ സുരക്ഷ തുടരുകയാണ്. ഹരിയാന പൊലീസിന്റെ സെക്കന്റ് ഐആർബി ബറ്റാലിയന്റെ ആസ്ഥാനം നൂഹിലേക്ക് മാറ്റുന്നതിന് ഹരിയാന സർക്കാർ തീരുമാനിച്ചു.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ് എന്നിവയിലെ പോസ്റ്റുകൾ നിരീക്ഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.
ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനം തകർന്നിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ‘വിലക്കയറ്റം, കൃഷി, നാല് വർഷത്തെ സൈനിക ജോലി തുടങ്ങി ഭൂമിയിലെ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ദിവസങ്ങൾക്ക് മുമ്പ് ഹരിയാനയിലെ കർഷക സഹോദരിമാരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇന്ന് ഹരിയാനയിലെ മേവാത്തിൽ സമാധാനവും സമാധാനവും തകർന്നിരിക്കുന്നു. ലജ്ജാകരവും അപലപനീയവുമായ ഈ സാഹചര്യം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയത്തിന്റെ ഫലമാണ്’; പ്രിയങ്ക ട്വീറ്റ് ചെയ്തു. ഹരിയാനയിൽ എന്തു സംഭവിച്ചാലും അത് മണിപ്പൂരിലെപ്പോലെ ബിജെപി സ്പോൺസർ ചെയ്യുന്നതാണെന്ന് തൃണമൂൽ ദേശീയ വക്താവ് സാകേത് ഗോഖലെ പറഞ്ഞു. ഹരിയാന പൊലീസ് കഴിവില്ലാത്തവരാണെങ്കിൽ അമിത്ഷാ സിബിഐയെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും ഗോഖലെ ട്വീറ്റിലൂടെ ചോദിച്ചു.
വിഎച്ച്പിയുടെ ശോഭായാത്രയിൽ ഗോരക്ഷാദൾ നേതാവ് മോനു മനേസർ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഭിവാനിയിൽ പശുമോഷണം ആരോപിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികളെ കൊന്ന കേസിൽ മോനു മനേസർ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. മോനു മനേസറിനെതിരെ നടപടിയെടുക്കാൻ രാജസ്ഥാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായ അഞ്ജലി ജെയ്നും അവരുടെ 3 വയസ്സുള്ള മകളും ആൾക്കൂട്ട ആക്രമണത്തിനിരയായതിനാൽ ജീവനുംകൊണ്ട് ഓടേണ്ടി വന്നതായി നുഹ് അക്രമവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ പറയുന്നു. ജഡ്ജിക്കും മകൾക്കും ജീവനക്കാർക്കും നൂഹിലെ പഴയ ബസ് സ്റ്റാൻഡിലെ വര്‍ക്ക്ഷോപ്പില്‍ അഭയം നൽകേണ്ടിവന്നു. പിന്നീട് ചില അഭിഭാഷകർ ഇവരെ രക്ഷപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, രണ്ട് ദിവസത്തെ അക്രമത്തെത്തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി സമാധാനത്തിനായി അപേക്ഷിച്ചു. പൊലീസിന് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പൊതുജനങ്ങൾ സ്വന്തം സുരക്ഷ നോക്കേണ്ടതുണ്ടോ എന്ന് ഡൽഹിയിലെ എഎപി സർക്കാർ ചോദിച്ചു. ‘നിങ്ങൾക്ക് ഹരിയാനയിൽ ജീവിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, സ്വയം സംരക്ഷിക്കുക, കാരണം ‘സർക്കാരിന് പൊതുജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ല’ എന്ന് ഹരിയാന മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബിജെപി സർക്കാരിന് ജനങ്ങൾക്ക് സുരക്ഷ നൽകാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ചിതലിനെപ്പോലെ കസേരയിൽ ഒട്ടിപ്പിടിക്കുന്നത്? ആദ്യം ബിജെപി മണിപ്പൂരിനെ കത്തിച്ചു, പിന്നെ ഹരിയാന, മൂന്നാമതൊരു സംസ്ഥാനം ചുട്ടെരിക്കും, ബിജെപിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാർ ഉള്ളിടത്തെല്ലാം പൊതുജന സുരക്ഷയ്ക്ക് ഒരു ഉറപ്പുമില്ല. പൊതുജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാരിന് അധികാരത്തിൽ ഇരിക്കാൻ അവകാശമില്ല,’ എഎപി ട്വീറ്റ് ചെയ്തു. നുഹ് അക്രമത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് വിഎച്ച്പിയും ബജ്റംഗ്ദളും പ്രതിഷേധിച്ചതോടെ ഡൽഹിയിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
നൂഹിന്റെ ക്രമസമാധാന നില കണക്കിലെടുത്ത്, അത് വഷളാകുന്നത് തടയാൻ, ഹരിയാന സർക്കാർ രണ്ടാമത് ഇന്ത്യ റിസർവ് ബറ്റാലിയന്റെ ആസ്ഥാനം പൊലീസ് സമുച്ചയമായ ബോണ്ട്സിയിൽ നിന്ന് നുഹ് ജില്ലയിലേക്ക് മാറ്റി. ഇതുവരെ നൂഹ് അക്രമത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ 6 പേർ മരിച്ചു. 116 പേരെ അറസ്റ്റ് ചെയ്യുകയും 90 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നൂഹിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ശോഭായാത്രയ്ക്ക് നേരെ ആക്രമണമുണ്ടായതാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് കാരണമായത്.
