NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി

ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് സംഭവസ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഏഴോടെ അതീവ രഹസ്യമായാണ് തിരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രതിയെ പുറത്തൂർ പടിഞ്ഞാറേക്കരയിലെത്തിച്ചത്.

ഏകദേശം അൻപതോളം പോലീസുകാരുടെ ശക്തമായ സുരക്ഷാ വലയത്തിലാണ് പ്രതിയെ കൊലപാതകം നടന്ന കടപ്പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഷാളുപയോഗിച്ച് ഫൗസിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി തലച്ചുമടായി ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള തിരൂർ പുഴക്കരയിലെത്തിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു.

വഴിമധ്യേ ക്ഷീണിതനായപ്പോൾ പലയിടത്തും ചാക്ക് താഴെയിറക്കി വിശ്രമിച്ച ശേഷമാണ് പുഴക്കരയിലെത്തിയത്. തുടർന്ന് പുഴക്കരയിൽ നിർത്തിയിട്ടിരുന്ന വള്ളത്തിന്റെ നങ്കൂരം അഴിച്ചെടുത്ത് ചാക്കിൽ കെട്ടി മൃതദേഹം പുഴയിലേക്ക് താഴ്ത്തുകയായിരുന്നു.

പ്രതിയെ എത്തിച്ചതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തുടർന്ന് ഫൗസിയ കിടന്നുറങ്ങിയിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പുറത്തിറക്കുന്നതിനിടെ പ്രകോപിതരായ നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പോലീസിന്റെ ശക്തമായ ഇടപെടലോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്.

പ്രതിഷേധം കനത്തതോടെ തെളിവെടുപ്പ് പൂർണ്ണമായി പൂർത്തിയാക്കാനായില്ല. തുടർന്ന് പൊന്നാനി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ശേഷിക്കുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!