പാലത്തിങ്ങൽ സയൻസ് പാർക്ക് നിർമ്മാണം; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പാലത്തിങ്ങൽ ന്യൂകട്ട് പ്ലാനറ്റേറിയം ആൻഡ് സയൻസ് പാർക്ക് നിർമ്മാണ പൂർത്തീകരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവുമായി കെ.പി.എ മജീദും, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഉസ്മാനും ചർച്ച നടത്തി.
സയൻസ് പാർക്ക് പ്രവൃത്തിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി പ്രദേശസ്ഥലം സന്ദർശിക്കുന്നതിനും പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വകുപ്പുതല യോഗം ചേരുന്നതിനും തീരുമാനിച്ചു.
പ്ലാനറ്റേറിയത്തിനകത്തെ ഇരിപ്പിടങ്ങൾ, പാർക്ക് നിർമ്മാണം, വാട്ടർ ഫൗണ്ടൻ നിർമ്മാണം, സെക്യൂരിറ്റി റൂം, ചുറ്റുമതിൽ നിർമ്മാണം തുടങ്ങിയവയാണ് അടിയന്തിരമായി പൂർത്തീകരിക്കുക. യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, കെ.പി.എ മജീദ് എം.എൽ.എ,, നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മറമ്പത്ത്, ടി.കെ. നാസർ, കെ. അയ്യപ്പൻ എന്നിവർ പങ്കെടുത്തു
