വിമാനത്താവള റോഡിലെ നാലു ഹോട്ടലുകളിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ പിടികൂടി
കൊണ്ടോട്ടി: നഗരസഭയിലെ ആരോഗ്യവിഭാഗം വിമാനത്താവളറോഡിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷ്യസാധനങ്ങൾ പിടികൂടി. നാലു ഹോട്ടലുകൾക്ക് 30000 രൂപ പിഴയിട്ടു.

ചിക്കൻ, ചോറ്, കറികൾ, മുന്തിരി, കൈതച്ചക്ക തുടങ്ങിയവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തി ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്ന ഹോട്ടലുകൾക്കെതിരേ മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടിയെടുക്കുമെന്നും പരിശോധന വരുംദിവസങ്ങളിൽ തുടരുമെന്നും സെക്രട്ടറി അറിയിച്ചു.
നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ. മധുസൂദനൻ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. വേലായുധൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റിൽജു മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
