തിരുവോണ അവധിയിലും നിരത്തിലിറങ്ങുന്നവരെ ബോധവൽക്കരിച്ച് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ
തിരൂരങ്ങാടി: ആഘോഷ വേളകളിൽ ആവേശം മതിമറക്കുമ്പോൾ നിയമലംഘനം പതിവാകുന്ന സാഹചര്യത്തിൽ നിരത്തുകളിൽ ജീവൻ പൊലിയാതിരിക്കാനും ആഘോഷം അപകടരഹിതമാക്കാനും അവധി ദിനത്തിലും കർമ്മ സജ്ജരായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്.
തിരൂരങ്ങാടി ജോയിൻറ് ആർ.ടി.ഒ. എം.പി. അബ്ദുൽ സുബൈർ നേരിട്ട് നേതൃത്വം നൽകിയാണ് അപകടം കുറയ്ക്കുന്നതിനായി പരിശോധനയ്ക്ക് ഇറങ്ങുന്നത്.
തിരുവോണ അവധിയിൽ നിരത്തിലിറങ്ങുന്നവർക്ക് രക്ഷയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയാണ് ഇവർ കർമ്മ സജ്ജരാവുന്നത്.
ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിങ്ങിനും എത്തുന്നതും നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്നതും തടയാൻ വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
മലപ്പുറം ജില്ല ആർ.ടി.ഒ. സി.വി.എം. ഷരീഫിന്റെ നിർദ്ദേശപ്രകാരം
തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ, എ.എം.വി.ഐ. ടി. മുസ്തജാബ് ഡ്രൈവർ മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി, കരിപ്പൂർ, വേങ്ങര, യൂണിവേഴ്സിറ്റി, ചേലാമ്പ്ര, തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ, പരപ്പനങ്ങാടി, ചേളാരി, പൂക്കിപ്പറമ്പ് തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന.
വരും ദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ജോയിൻറ് ആർ.ടി.ഒ പറഞ്ഞു.
