NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തുലാവർഷം ശക്തമാകുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, തീരങ്ങളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ ഈ ആഴ്ച ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

 

നാളെ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.

 

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ നാളെ രാവിലെ 8.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണം.

 

കടൽക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ ശ്രദ്ധിക്കണം. മത്സ്യബന്ധനത്തിന് പോകുന്നവർ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള മേഖലകളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി നിരീക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!